കശ്മീരില്‍ മരുന്നുകള്‍ക്ക് ക്ഷാമം; രോഗികള്‍ മരണത്തോട് മല്ലിടുന്നു; പെല്ലറ്റ് ഗൺ പ്രയോഗത്തിൽ 152 പേർക്ക് പരിക്ക്
ഉറിയിലെ ഏറ്റവും വലിയ ഫാര്‍മസിയായ മാലിക് മെഡിക്കല്‍ ഹാളില്‍ പോലും മരുന്ന് ലഭ്യമല്ല. ആഗസ്ത് അഞ്ചിനു ശേഷം തങ്ങള്‍ക്ക് പുതിയലോഡ് മരുന്നുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഫാര്‍മസിയിലെ ജീവനക്കാരന്‍ പറയുന്നു.
ശ്രീനഗര്‍: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന ജമ്മു കശ്മീരില്‍ മരുന്നുകൾക്ക് ക്ഷാമം. രോഗികള്‍ക്ക് മരുന്നുകളും ചികിത്സയും ലഭ്യമാകാന്‍ ബുദ്ധിമുട്ടുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ ഹിമാലയൻ മേഖലയിൽ മാത്രം 152 പേർക്ക് പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്യുന്നു. ഇന്ത്യൻ സുരക്ഷാ സേന ഈ മാസം ശക്തമായ ആക്രമണം ആരംഭിച്ചതായി ഹിമാലയൻ മേഖലയിലെ രണ്ട് പ്രധാന ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.
65 വയസ്സുള്ള തന്റെ ഉമ്മയ്ക്കു മരുന്ന് തേടി മൂന്നുമണിക്കൂറോളം ചെലവഴിച്ച് പത്തോളം മെഡിക്കല്‍ ഷോപ്പുകള്‍ കയറിയിറങ്ങിയ സാജിദ് അലി എന്നയാള്‍ക്ക് മരുന്ന് ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. പൊതുഗതാഗതത്തിനും നിയന്ത്രണമുള്ളതിനാല്‍ ആംബുലന്‍സിലാണ് ശ്രീനഗറിലേക്ക് സാജിദ് മരുന്നന്വേഷിച്ചെത്തിയത്. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നുമാണ് മരുന്ന് കണ്ടെത്തിയത്.
ശ്രീനഗര്‍ വിമാനത്താവളത്തിലെത്തി അവിടെനിന്നും ഡല്‍ഹിയില്‍ച്ചെന്നാണ് സാജിദ് മരുന്ന് വാങ്ങിയത്. വ്യാപാരിയായ തനിക്ക് ഈ മരുന്ന് വാങ്ങാന്‍ കഴിഞ്ഞെന്നും എന്നാല്‍ ദരിദ്രരായ ആളുകള്‍ക്ക് ഇതേ മാര്‍ഗത്തില്‍ മരുന്ന് വാങ്ങാന്‍ എങ്ങനെ കഴിയുമെന്നും സാജിദ് ചോദിക്കുന്നു. നിലവില്‍ കശ്മീരിലെ ഗ്രാമപ്രദേശങ്ങളില്‍ മരുന്ന് തീര്‍ന്നുകഴിഞ്ഞു.
ഉറിയിലെ ഏറ്റവും വലിയ ഫാര്‍മസിയായ മാലിക് മെഡിക്കല്‍ ഹാളില്‍ പോലും മരുന്ന് ലഭ്യമല്ല. ആഗസ്ത് അഞ്ചിനു ശേഷം തങ്ങള്‍ക്ക് പുതിയലോഡ് മരുന്നുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഫാര്‍മസിയിലെ ജീവനക്കാരന്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഇവിടെ ഇനി ബാക്കിയുള്ളത്. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇപ്പോള്‍ പൂര്‍ണമായി തീര്‍ന്നു.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം ആഗസ്ത് 5നും 21നും ഇടയിൽ 152 പേർ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ശ്രീ മഹാരാജ് ഹരി സിങ് ആശുപത്രിയിലും പെല്ലറ്റ് ഗൺ ആക്രമത്തെ തുടർന്ന് പരിക്കേറ്റ ജനങ്ങൾ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെട്ടവരിൽ പലരും അവരുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല. പരിക്കേറ്റവരുടെ എണ്ണം രണ്ട് ആശുപത്രികളിൽ നിന്നുള്ള കണക്കുകളേക്കാൾ കൂടുതലാണെന്ന് ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്യുന്നു.