കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിള്‍ പൊളിറ്റ്ബ്യുറോ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നറിയുന്നു.

Update: 2022-08-27 14:13 GMT
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിള്‍ പൊളിറ്റ്ബ്യുറോ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നറിയുന്നു.

നാളെ നടക്കുന്ന യോഗത്തില്‍ യെച്ചൂരിയും കാരാട്ടും ഉള്‍പ്പെടെ ആറ് പി ബി അംഗങ്ങള്‍ പങ്കെടുക്കും. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കണോ താല്‍ക്കാലികമായി ആരെയെങ്കിലും ചുമതല ഏല്‍പ്പിക്കണോ എന്നതും പി ബി യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കള്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗ തിരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരിയുടെ അനാരോഗ്യം പരിഗണിച്ച് മുന്‍ മന്ത്രി എ കെ ബാലനെയും പാര്‍ട്ടി നിയോഗിച്ചിരുന്നെങ്കിലും വാര്‍ത്ത സമ്മേളനം ഒറ്റക്കാണ് കോടിയേരി നടത്തിയത്. ഇതിനിടയില്‍ പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.

ആര്‍എസ്എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനാണ് മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സ്ഥലംവിട്ടതെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Similar News