കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്

Update: 2022-02-15 07:06 GMT

പട്‌ന:കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് വിധിയുണ്ടായത്.സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്.18ന് ശിക്ഷ പ്രഖ്യാപിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടു.

ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചു.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.ആദ്യ നാലു കേസുകളിലും തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്.2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് കണ്ടുപിടിച്ചത്.

Tags:    

Similar News