ഇന്ന് കൊട്ടിക്കലാശം; കേരളം ചൊവ്വാഴ്ച്ച ബൂത്തിലേക്ക്
എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ ചില മണ്ഡലങ്ങളിലെങ്കിലും എന്‍ഡിഎയും സജീവ സാന്നിധ്യമാണ്.
തിരുവന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ ആവേശത്തിലാണ് എല്ലാ മുന്നണികളും. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ ചില മണ്ഡലങ്ങളിലെങ്കിലും എന്‍ഡിഎയും സജീവ സാന്നിധ്യമാണ്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്.
വോട്ടര്‍മാരില്‍ ഒരു കോടി 26 ലക്ഷം പേര്‍ പുരുഷമാരും ഒരു കോടി 34 ലക്ഷം പേര്‍ സ്ത്രീകളും 174 പേര്‍ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടര്‍മാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാരും കൂടുതല്‍ പോളിങ് ബുത്തുകളും ഉള്ളത്. 24,970 പോളിങ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂനിറ്റുകളും 32,746 കണ്‍ട്രോള്‍ യൂനിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.
സ്ഥാനാര്‍ഥികളുടെ കേസുകളെ കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ രേഖകള്‍ ഒരു മാസത്തിനുളളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സംസ്ഥാനമാകെ 15 ലക്ഷത്തോളം പോസ്റ്ററുകളാണ് കമ്മീഷന്‍ നീക്കിയത്. പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അനധികൃതമായി കൈവശംവച്ച 31 കോടി രൂപയുടെ വസ്തുക്കളാണ് കമ്മീഷന്‍ പിടിച്ചെടുത്തത്.