ആരോപണം തള്ളി ലീഗ്: ജിഫ്രി തങ്ങള്‍ ഞങ്ങളിലൊരാളാണ്;അദ്ദേഹത്തെ എങ്ങനെ വിമര്‍ശിക്കാന്‍ കഴിയും-പിഎംഎ സലാം
മുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടത് വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ടി കെ ഹംസ അധ്യക്ഷന്‍ ആയ ബോര്‍ഡാണ് ഇത്തരത്തില്‍ കത്തയച്ചത്.
കോഴിക്കോട്: ജിഫ്രി തങ്ങളെ വിമര്‍ശിച്ചെന്ന ആരോപണം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമര്‍ശിക്കാന്‍ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലര്‍ ശ്രമിക്കുകയാണ്. അവരാണ് ജിഫ്രി തങ്ങള്‍ക്കെതിരേ വിമര്‍ശനമുന്നയിക്കുന്നതെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുത്താല്‍ അവരെല്ലാം ജയിലില്‍ പോകാന്‍ തയ്യാറാണ്. മുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടത് വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ടി കെ ഹംസ അധ്യക്ഷന്‍ ആയ ബോര്‍ഡാണ് ഇത്തരത്തില്‍ കത്തയച്ചത്. മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണിത്.
വഖഫ് വിഷയത്തില്‍ കോഴിക്കോട് നടന്നത് സമര പ്രഖ്യാപനമാണ്. തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കും. ആരുടെ വാശിക്കാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാത്തതെന്നും പിഎംഎ സലാം ചോദിച്ചു. തീരുമാനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെങ്കില്‍ അത് ചെയ്താല്‍ മതി. മുസ്‌ലിം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകരെ മാറ്റണം. വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വഖഫ് സമ്മേളനത്തില്‍ പിന്തുണ അറിയിക്കാനെത്തിയതായും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ശക്തി കണ്ട് വിറളി പിടിച്ചിട്ട് കാര്യമില്ല. വഖഫ് സമരത്തോട് പ്രതികരിച്ച മുഖ്യമന്ത്രി കുറച്ചു പക്വത കാണിക്കണമായിരുന്നു, അതുണ്ടായില്ല. കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണ്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഡിവൈഎഫ്‌ഐയുടെ പരിപാടി നടന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം നടന്നു, കേസെടുത്തിട്ടില്ല. തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാര പ്രകടനം നടന്നു, പോലിസ് കെസെടുത്തിട്ടില്ല. പിന്നെ ലീഗിനെതിരേ മാത്രമാണ് കേസെടുക്കുന്നത്. അധികാരമുപയോഗിച്ചു പരാജയപ്പെടുത്താനുള്ള ശ്രമമാണിത്. പിഎംഎ സലാം കുറ്റപ്പെടുത്തി.