മൂന്നാംഘട്ട വോട്ടെടുപ്പില്‍ പോളിങ് 64 ശതമാനം കടന്നു
കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അന്തിമ കണക്ക് വന്നിട്ടില്ല. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 13 സംസ്ഥാനങ്ങളിലെയും 117 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 117 മണ്ഡലങ്ങളിലെ ശരാശരി പോളിങ് 64.66 ശതമാനമാണ്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അന്തിമ കണക്ക് വന്നിട്ടില്ല. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 13 സംസ്ഥാനങ്ങളിലെയും 117 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരളം, അസം, ത്രിപുര, ബംഗാള്‍, ഗോവ, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി തുടങ്ങിയിടങ്ങളില്‍ പോളിങ് 70 ശതമാനം പിന്നിട്ടു.
ബംഗാളിലാണ് ഇതുവരെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്(79.36 ശതമാനം). ത്രിപുരയില്‍ 78.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അസമില്‍ 79.16 ശതമാനവും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 71.43 ശതമാനവും പോളിങ് രേഖപ്പെടുത്തി. കേരളത്തില്‍ പോളിങ് ഏറ്റവുമൊടുവിലെത്തെ വിവരം അനുസരിച്ച് 76.57 ശതമാനമായി. പലയിടത്തും ഇപ്പോഴും വലിയ ക്യൂ കാണപ്പെടുന്നുണ്ട്. 2014നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ഗുജറാത്തില്‍ 61.71 ശതമാനമാണ് പോളിങ്. ബിഹാര്‍(59.97), ഛത്തീസ് ഗഡ്(68.62), ദാമന്‍ ദിയു(65.34), ഗോവ(71.34), ജമ്മു കശ്മീര്‍(12.86), കര്‍ണാടക(65.29), മഹാരാഷ്ട്ര(57.53), ഒഡിഷ(58.18), യുപി(58.91).
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പോളിങ് പുറത്തുവിടുമ്പോള്‍ ഈ കണക്കുകളില്‍ ചെറിയ മാറ്റം വരാന്‍ സാധ്യതയുണ്ട്.
കേരളം, കര്‍ണാടക, ബിഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് പരാതി ഉയര്‍ന്നു. മറ്റ് ചിഹ്നങ്ങളില്‍ ചെയ്യുന്ന വോട്ടുകള്‍ ബിജെപിയുടെ ചിഹ്നമായ താമരയ്ക്ക് പോകുന്നു എന്നതാണ് പ്രധാന പരാതി.