'അഴിമതി'യെന്ന് മിണ്ടരുത്;അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്,വിലക്ക് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തടയിടാനെന്ന് പ്രതിപക്ഷം
18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്
ന്യൂഡല്‍ഹി: അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്.അഴിമതിക്കാരന്‍,കരിദിനം,സേച്ഛാധിപതി തുടങ്ങിയ 65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.
അരാജകവാദി, കുരങ്ങന്‍, കൊവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍,നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം,സേച്ഛാധിപതി, ശകുനി,ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ,കള്ളം, അസത്യം തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി.
ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി.പാര്‍ലമെന്റില്‍ വാദപ്രതിവാദത്തിനിടെ അംഗങ്ങള്‍ ഇത്തരം മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭരണകക്ഷികളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരുനീക്കമെന്നും,വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
വിലക്കിയ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ വ്യക്തമാക്കി.'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെഷന്‍ ആരംഭിക്കും.പാര്‍ലമെന്റില്‍ ഒരു പ്രസംഗം നടത്തുമ്പോള്‍ ഈ അടിസ്ഥാന വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിക്കില്ലെന്ന്.ലജ്ജിക്കുന്നു,ദുരുപയോഗം ചെയ്തു,ഒറ്റിക്കൊടുത്തു,അഴിമതിക്കാരന്‍,കാപട്യം,കഴിവില്ലാത്തവന്‍...ഈ വാക്കുകളെല്ലാം ഞാന്‍ ഉപയോഗിക്കും. എന്നെ സസ്‌പെന്‍ഡ് ചെയ്യൂ,ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്''ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിംഗ്വിയും വിമര്‍ശനവുമായി രംഗത്തെത്തി.'വിമര്‍ശനത്തില്‍ സര്‍ഗ്ഗാത്മകത കാണാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ലമെന്റിന്റെ അര്‍ത്ഥമെന്താണ്?എന്നായിരുന്നു അഭിഷേക് സിംഗ്വിയുടെ ട്വീറ്റ്.പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ 'സംഘി' എന്ന വാക്ക് ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.