ലോകായുക്ത ഭേദഗതി: ചോദ്യം ചെയ്യപ്പെടുന്നത് സിപിഎം-സിപിഐ അഴിമതി വിരുദ്ധ നിലപാടുകൾ
സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയായിരിക്കെ കൊണ്ട് വന്ന ലോകായുക്ത നിയമം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്നായിരുന്നു സിപിഐ നിലപാട്.
വിവാദമായ ലോകായുക്ത ബില്‍ നിയമസഭയിലവതരിപ്പിക്കുമ്പോള്‍ സിപിഎമ്മിന്‍റേയും സിപിഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത് കൂടിയായി അത് മാറും. സിപിഎം പറയുന്നത് പോലെ നിന്ന് കൊടുക്കാനാകില്ലെന്ന് വീരവാദം മുഴക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒടുവില്‍ സിപിഎമ്മിന് കീഴടങ്ങുകയാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
ലോകായുക്തയുടെ അധികാരം എടുത്ത്കളയുന്ന ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പാസാക്കിയപ്പോള്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച സിപിഐ ഒടുവില്‍ സിപിഎമ്മിന് വഴങ്ങി. സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയായിരിക്കെ കൊണ്ട് വന്ന ലോകായുക്ത നിയമം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്നായിരുന്നു സിപിഐ നിലപാട്. റവന്യൂ മന്ത്രിയെ കൂടി അപ്പീല്‍ അധികാരിയായി നിയമിച്ച് പുതിയ സമിതി ഉണ്ടാക്കണമെന്ന നിര്‍ദേശം സിപിഐ മുന്നോട്ട് വച്ചെങ്കിലും നിയമപരമായ തടസമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ നേതാക്കളെ അറിയിച്ചു.
എംഎല്‍എമാര്‍ക്കെതിരേ ലോകായുക്ത വിധി വന്നാല്‍ സ്പീക്കറും, മന്ത്രിമാര്‍ക്കതിരേ വന്നാല്‍ മുഖ്യമന്ത്രിയും ,മുഖ്യമന്ത്രിക്കെതിരേ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് പുതിയ നിയമം. ലോകായുക്തയുടെ ചിറകരിയുന്ന പുതിയ നിയമം വരുമ്പോള്‍ സിപിഎമ്മിന്‍റെയും സിപിഐയുടെയും ഇത് വരെയുള്ള അഴിതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടും.
തങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന് ഇത് വരെ പറഞ്ഞ് നിന്നിരുന്ന സിപിഐ നേതൃത്വവും ഇനിമുതല്‍ പഴികേള്‍ക്കേണ്ടി വരും.സിപിഎമ്മിന് മുന്നില്‍ ഒരിക്കല്‍ കൂടി കീഴടങ്ങിയെന്ന പരാതി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനകം നടന്ന സിപിഐ ജില്ലാ സമ്മേളനങ്ങളിലെല്ലാം ലോകായുക്ത വിഷയത്തിൽ കാനം രാജേന്ദ്രനെതിരേ രൂക്ഷവിമർശനമാണ് ഉയർന്നത്. അദ്ദേഹത്തിന്റെ തട്ടകത്തിലും കാനം പിണറായിയുടെ അടിമയെന്ന പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.
അപ്പീല്‍ അധികാരമില്ലാതെ ലോകായുക്ത വിധി നടപ്പാക്കേണ്ടി വരുന്ന സാഹചര്യം മറ്റൊരു സംസ്ഥാനത്തുമില്ലെന്നും ഇടത് സര്‍ക്കാരിന് തന്നെയുണ്ടായ ഒരു കൈത്തെറ്റ് മാറ്റുകയാണെന്നുമാണ് സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയും നിയമ മന്ത്രിയുമടക്കമുള്ളവര്‍ പുതിയ നിയമത്തെ കുറിച്ച് എന്ത് പറയുന്നു, സിപിഐ നേതൃത്വത്തിന്റെ നിലപാടെന്തായിരിക്കും, ഗവര്‍ണര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടെന്ത് ഇതെല്ലാമാണ് ഇനിയറിയേണ്ടത്.
സിപിഐയിൽ സംഘടനാ സമ്മേളനങ്ങൾ നടക്കുന്ന കാലമായതിനാൽ സിപിഎം നിലപാടിനൊത്ത് കാനം രാജേന്ദ്രൻ നിലകൊള്ളുന്നതിനാൽ കാനം പക്ഷത്തിന് തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ ഭാഗമായി കാനം പക്ഷത്തിൽ തന്നെ വിള്ളൽ വീണതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.