കാലടി സർവകലാശാലയിൽ എംഎ നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
പരീക്ഷയ്ക്ക് ചോദ്യപ്പേപ്പർ തയാറാക്കുന്നത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ സർവകലാശാലയ്ക്ക് നൽകുന്ന മൂന്ന് സെറ്റ് ചോദ്യങ്ങളിൽ നിന്നാണ്. ഈ മൂന്ന് സെറ്റ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുമ്പ് ചോർന്നത്.
എറണാകുളം: കാലടി സർവകലാശാലയിൽ എംഎ നാലാം സെമസ്റ്റർ ചോദ്യപേപ്പർ ചോർന്നു. എംഎ കംപാരിറ്റിവ് ലിറ്ററേച്ചർ ആൻഡ് ലിങ്ഗ്വിസ്റ്റിക്സ് നാലാം സെമസ്റ്ററിലെ പരീക്ഷയുടെ ചോർന്നത്. ചോദ്യപേപ്പർ ചോർന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർക്ക് ഇന്നലെ പരാതിയും ലഭിച്ചു.
എംഎ കംപാരിറ്റിവ് ലിറ്ററേച്ചർ ആൻഡ് ലിങ്ഗ്വിസ്റ്റിക്സ് നാലാം സെമസ്റ്ററിലെ ഇൻട്രൊഡക്ഷൻ ടു ഫിലിം സ്റ്റഡീസ്; ഫിലിം ആൻഡ് ലിറ്ററേച്ചർ പരീക്ഷ നടന്നത് ജൂൺ 18നായിരുന്നു. പരീക്ഷയ്ക്ക് ചോദ്യപ്പേപ്പർ തയാറാക്കുന്നത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ സർവകലാശാലയ്ക്ക് നൽകുന്ന മൂന്ന് സെറ്റ് ചോദ്യങ്ങളിൽ നിന്നാണ്. ഈ മൂന്ന് സെറ്റ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുമ്പ് ചോർന്നത്.
ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട 20 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക, അങ്ങിനെ തയാറാക്കിയ 60 ചോദ്യങ്ങളുടെ ഇ-പകർപ്പും അതിന്റെ ഉത്തരങ്ങളടങ്ങിയ ഇ-പകർപ്പുമാണ് ചില വിദ്യാർഥികൾക്ക് ലഭിച്ചത്. ഈ 60 ചോദ്യങ്ങളിൽ നിന്നുള്ള 20 ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്കുണ്ടായതും. ഉപന്യാസ ചോദ്യങ്ങളും ചോർന്നിട്ടുണ്ട്. 43 ഉപന്യാസ ചോദ്യങ്ങളാണ് അധ്യാപകർ തയാറാക്കിയത് അതിന്റെ ഇ-പകർപ്പും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു.
ഇ മെയിൽ വഴിയാണ് ചോദ്യപേപ്പർ വകുപ്പിലെ വേണ്ടപ്പെട്ട വിദ്യാർഥികൾക്ക് അധ്യാപകർ ചോർത്തി നൽകിയതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ചോദ്യപേപ്പർ ചോർന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജൻ പികെ തേജസ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിനായി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പ്രൊ വൈസ് ചാൻസലർക്ക് പരാതി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൻമേൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രൊ വൈസ് ചാൻസലർ ഡോ. രവികുമാർ കെഎസ് പറഞ്ഞു. ചോദ്യപേപ്പർ തയാറാക്കുന്നവരിൽ നിന്ന് ചോദ്യങ്ങൾ ചോർന്നേക്കാം, എന്നാൽ സർവകലാശാല തയാറാക്കി പ്രിന്റ് ചെയ്ത ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അദ്ദേഹം തേജസ് ന്യൂസിനോട് പറഞ്ഞു. അധ്യാപകർ അതിന്റേതായ സത്യസന്ധതയിൽ ഇതൊക്കെ കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.