മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് വിവരമില്ലെന്ന്; യുപി പോലിസിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: അലഹബാദിലേക്കു പോയ മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് മാസങ്ങളായി വിവരവുമില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഉത്തര്‍പ്രദേശ് പോലിസിനോട് വിശദീകരണം തേടി. മലപ്പുറം പൂക്കോട്ടൂര്‍ മേല്‍മുറിയിലെ പുള്ളിയില്‍ അശ്‌റഫിനെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനു ശേഷം യാതൊരു വിവരമില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ എം വി അഹമ്മദുണ്ണി നല്‍കിയ പരാതിയിലാണ് നടപടി. വിഷയത്തില്‍ അടിയന്തിരമായി റിപോര്‍ട്ട് നല്‍കണമെന്നാണ് യുപി പോലിസിനു ഹൈക്കോടതി നല്‍കിയ നോട്ടീസിലുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം അലഹബാദ് മര്‍കസിലേക്ക് മലേസ്യ, ഇന്തോനേസ്യ സ്വദേശികള്‍ക്കൊപ്പെ അശ്‌റഫ് തബ് ലീഗ് പ്രചാരണത്തിന്റെ ഭാഗമായി പുറപ്പെട്ടത്. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിനെതിരേ നടപടിയെടുത്തതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം അലഹബാദിലെ പള്ളിയില്‍ നിന്നു മാര്‍ച്ച് 23ന് ഇവരെ ക്വാറന്റൈനിലേക്കെന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. 30ഓളം വിദേശികളും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറോളം ഇന്ത്യക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് കല്യാണ മണ്ഡപത്തിലും മറ്റും തടങ്കലിലാക്കുകയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ബാഗ് തുടങ്ങിയവയെല്ലാം പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു വിധ മാര്‍ഗങ്ങളുമില്ലാതായി. എന്നാല്‍, ഒന്നരമാസത്തിനു ശേഷം മെയ് രണ്ടിന് ജില്ലാ ജയിലിലേക്കും 29ന് അലഹബാദ് ജയിലിലേക്കും അയച്ചു. ഇതിനിടെ, ബന്ധുക്കള്‍ അശ്‌റഫിനെ കുറിച്ച് വിവരങ്ങള്‍ തേടി മാതാവ് നദീറ ഉള്‍പ്പെടെയുള്ളവര്‍ കോടതിയെയും പോലിസിനെയും സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒമ്പതിന് അപേക്ഷ കോടതി സ്വീകരിച്ചെങ്കിലും കൊവിഡിന്റെ പേരില്‍ പിറ്റേന്ന് മുതല്‍ കോടതി അടച്ചതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. ഇതേത്തുടര്‍ന്നാണ് അഹമ്മദുണ്ണി വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് യുപി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
Malayalee Tablighi activist; High Court sought an explanation from the UP police