മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയത് ഇന്ത്യയിലെ ഏറ്റവും മികച്ച പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഒരു കിലോ മീറ്ററിനുള്ളില്‍
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാല്‍സംഗം ചെയ്തത് ഇന്ത്യയിലെ ഏറ്റവും മികച്ച പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഒരു കിലോമീറ്ററിനുള്ളിലെന്ന് റിപോര്‍ട്ട്. നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍ പ്രതിഷേധത്തിന് കാരണമാക്കിയിരിക്കെയാണ് പോലിസിനെ കൂടുത പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഓപണ്‍ സോഴ്‌സ് സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് വിശകലനം ചെയ്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ടുഡേയാണ് വിവരം പുറത്തുവിട്ടത്.
ക്രൂരത നടന്നത് നോങ്‌പോക്ക് സെക്മായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ്. ഈ പോലിസ് സ്‌റ്റേഷനാണ് 2020ല്‍ രാജ്യത്തെ ഏറ്റവും മികച്ച പോലിസ് സ്‌റ്റേഷന്‍ എന്ന ബഹുമതി ലഭിച്ചത്. സ്‌റ്റേഷന്റെ വെറും ഒരു കിലോമീറ്റര്‍ അകലെയാണ് മെയ്തി അക്രമിക്കൂട്ടം അഴിഞ്ഞാടുകയും സ്ത്രീകളെ പൂര്‍ണനഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്തത്. മാത്രമല്ല, സംഭവം നടന്ന് മാസങ്ങളായിട്ടും പോലിസ് നടപടിയെടുത്തില്ലെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. അതിനേക്കാള്‍ ഗുരുതരമായ ആരോപണമാണ് ഇരകളുടെ കുടുംബം ഉന്നയിച്ചിരുന്നത്. നാലു പോലിസുകാര്‍ സംഭവം നോക്കിനില്‍ക്കുകയായിരുന്നുവെന്നും അക്രമിക്കൂട്ടം പെണ്‍കുട്ടികളെ പോലിസുകാരില്‍ നിന്നാണ് പിടിച്ചുകൊണ്ടുപോയതെന്നും ആരോപിച്ചിരുന്നു. സാറ്റലൈറ്റ് ഇമേജറി ഭയാനക വീഡിയോയുടെ ജിയോലൊക്കേഷനും പരിശോധിച്ചപ്പോഴാണ് പോലിസ് സ്‌റ്റേഷന് തൊട്ടടുത്ത് നിന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് മനസ്സിലായത്.
എല്ലാ വര്‍ഷവും രാജ്യത്തുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പോലിസ് സ്‌റ്റേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം നല്‍കാറുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ പോലിീസിന്റെ പ്രകടനമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുപ്പിന്റെ പ്രധാന മാനദണ്ഡമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നിട്ടും ഇത്തരത്തിലൊരു ക്രൂരത നടന്നിട്ടും യഥാസമയം ഇടപെട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. ഏകദേശം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരായ ആക്രമണം മെയ് നാലിനാണ് നടന്നതെങ്കിലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ജൂലൈ 19 നു ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ദൃശ്യങ്ങളില്‍ കാണുന്ന പ്രദേശം പടിഞ്ഞാറ് ഭാഗമാണെന്ന് പരിശോധനയില്‍ നിഗമനത്തിലെത്തി. വീഡിയോയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫ്രെയിമുകളുടെ വിശാലദൃശ്യം, നോങ്‌പോക്ക് സെക്മായി പോലിസ് സ്‌റ്റേഷന് സമീപമുള്ള ബി ഫൈനോം ഗ്രാമത്തിലെ മലനിരകളിലെ വിസ്തൃതമായ പ്രദേശമാണെന്ന് വ്യക്തമായി. വീഡിയോ ദൃശ്യങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളും താരതമ്യം ചെയ്തും ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയുള്ള ഉപഗ്രപരിശോധനയിലും സ്ഥലം കൃത്യമായി കണ്ടെത്തി. വീഡിയോയില്‍, ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെയും നെല്‍വയലുകള്‍ക്ക് കുറുകെയുള്ള ചെറിയ വെള്ള കുടിലിന് സമാന്തരമായി ഒരു ദിശയിലേക്ക് കൊണ്ടുപോവുന്നുണ്ട്. ഇത് പിന്തുടര്‍ന്നപ്പോള്‍ വീഡിയോയില്‍ കാണുന്നതുപോലെ റോഡിലെത്തി. വീഡിയോയിലുള്ളതു പോലെ തന്നെ, റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരമുള്ള മരം കണ്ടെത്തി. ഈ മരവും സാറ്റലൈറ്റ് ചിത്രത്തിലെ ദൃശ്യവുമായി യോജിക്കുന്നതായിരുന്നു.
വീഡിയോ ചിത്രീകരിക്കുന്നയാള്‍ അയാളുടെ കാമറ വലത്തേക്ക് തിരിച്ചപ്പോള്‍ ഓറഞ്ച് മേല്‍ക്കൂരയുള്ള കുന്നിന്‍ മുകളിലെ ഒരു വീട് കാണിക്കുന്നുണ്ട്. ഇതെല്ലാം സാമ്യത കണ്ടെത്തിയപ്പോഴാണ് 2020ല്‍ രാജ്യത്തെ മികച്ച പോലിസ് സ്‌റ്റേഷന്‍ എന്ന ബഹുമതി ലഭിച്ച നോങ്‌പോക്ക് സെക്മായി പോലിസ് സ്‌റ്റേഷനില്‍ നിന്ന് വെറും 850 മീറ്റര്‍ അകലെയാണ് ഹീനമായ ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചതെന്നും ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.