ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയ്‌ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധാഗ്‌നി
പ്രതിഷേധ പരിപാടിയെ അഭിവാദ്യം ചെയ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഉമര്‍ സുലൈമാന്‍ നരേന്ദ്രമോദിയെ ഹിറ്റ്‌ലറിനോടാണ് താരതമ്യം ചെയ്തത്. 'നിങ്ങള്‍ ഒരു ഭീരുവാണെന്നും ടെക്‌സസില്‍ സ്വാഗതമില്ലെന്നും ഹിറ്റ്‌ലറായ മോദിയോട് തങ്ങള്‍ തുടര്‍ന്നും പറയും.
വാഷിങ്ടണ്‍ ഡിസി: ഇന്ത്യയിലെ മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റുചെയ്യുകയും മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരേ അമേരിക്കയില്‍ വമ്പിച്ച പ്രതിഷേധം അലയടിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങളായ ടെക്‌സസ്, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിംകളാണ് നരേന്ദ്രമോദിയുടെ കീഴിലുള്ള ഹിന്ദുത്വ സര്‍ക്കാരിന്റെ വര്‍ധിച്ചുവരുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരേ തെരുവിലിറങ്ങിയത്. ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (IAMC), നോര്‍ത്ത് ടെക്‌സസ് പീസ് അഡ്വക്കേറ്റ്‌സ് (NTPA) എന്നീ സംഘടനകള്‍ സംയുക്തമായി ഡാലസില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ആഗോളതലത്തില്‍ പ്രശസ്തരായ യുഎസ് ആസ്ഥാനമായുള്ള ഇസ്‌ലാമിക പണ്ഡിതന്‍ ഷെയ്ഖ് ഉമര്‍ സുലൈമാനാണ് നേതൃത്വം നല്‍കിയത്.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ബേ ഏരിയാ പ്രതിഷേധത്തിന് ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയിലെ ഷെയ്ഖ് അലാവുദ്ദീന്‍ എല്‍ബക്രി നേതൃത്വം നല്‍കി. 500ലധികം പ്രതിഷേധക്കാരാണ് ഇവിടെ അണിനിരന്നത്. പ്രതിഷേധ പരിപാടിയെ അഭിവാദ്യം ചെയ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഉമര്‍ സുലൈമാന്‍ നരേന്ദ്രമോദിയെ ഹിറ്റ്‌ലറിനോടാണ് താരതമ്യം ചെയ്തത്. 'നിങ്ങള്‍ ഒരു ഭീരുവാണെന്നും ടെക്‌സസില്‍ സ്വാഗതമില്ലെന്നും ഹിറ്റ്‌ലറായ മോദിയോട് തങ്ങള്‍ തുടര്‍ന്നും പറയും. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെയാണ് തങ്ങള്‍ കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കില്ല'- അദ്ദേഹം പറഞ്ഞു.
മോദിയുടെയും ബിജെപിയുടെയും അവരുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസിന്റെയും ഹിന്ദുത്വ തീവ്രവാദ പ്രത്യയശാസ്ത്രവും അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഷെയ്ഖ് സുലൈമാന്‍ വിശദീകരിച്ചു. ഇരുകൂട്ടരും വെറുപ്പും ലജ്ജാശൂന്യവുമായ പ്രത്യയശാസ്ത്രമാണ് പ്രോല്‍സാഹിപ്പിച്ചത്. നാം ആര്‍എസ്എസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഈ ഭൂമിയില്‍ വൃത്തികെട്ട തല ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നാസിസത്തിന്റെ കുഞ്ഞിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് മനസ്സിലാക്കണം. തങ്ങള്‍ സംസാരിക്കുന്നത് ഫാഷിസത്തില്‍ അഭിമാനിക്കുന്ന ആളുകളെക്കുറിച്ചാണ്. ഇസ്രായേല്‍ മാതൃക പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യ തുറന്നുപറയുന്നു.
ഇന്ത്യ ഇസ്രായേല്‍ മാതൃക പരിഗണിക്കുകയാണെങ്കില്‍, ഫലസ്തീന്‍ പ്രതിരോധം ശക്തമാക്കുക- അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2005-14 കാലഘട്ടത്തില്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട മോദിയെ ഇപ്പോള്‍ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെയും രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഷെയ്ഖ് സുലൈമാന്‍ ചോദിച്ചു. ഒരുകാലത്ത് ഈ രാജ്യത്ത് പ്രവേശിക്കാന്‍ പോലും കഴിയാത്ത ഒരാള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നിടത്തേക്ക് എങ്ങനെ കാര്യങ്ങള്‍ മാറി? ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ബരാക് ഒബാമ മോദിക്ക് 'പരിഷ്‌കാരങ്ങളുടെ മേധാവി' എന്ന് ആമുഖം എഴുതുന്നയിടത്തേക്ക് എന്ത് മാറ്റമാണുണ്ടായത് ? അതേ കാര്യം ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡന് എന്ത് മാറ്റം സംഭവിച്ചു? ഈ മനുഷ്യനില്‍ എന്താണ് മാറിയത് ? ഒന്നും മാറിയിട്ടില്ല- അദ്ദേഹം കുറ്റപ്പെടുത്തി.
ബേ ഏരിയയിലെ പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്ത ഷെയ്ഖ് അലാവുദ്ദീന്‍ എല്‍ബക്രി, മുസ്‌ലിംകള്‍ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ പീഡനത്തെ അപലപിച്ചു. താന്‍ ഫലസ്തീനിലെ അല്‍ അഖ്‌സ പള്ളിയില്‍ നിന്ന് ഒരാളോട് സംസാരിക്കുകയായിരുന്നു, ഇന്ത്യന്‍ മുസ്‌ലിം സഹോദരീസഹോദരന്‍മാര്‍ക്ക് തന്റെ പിന്തുണ നല്‍കാന്‍ അദ്ദേഹം തന്നോട് പറഞ്ഞു. ഡാലസിലെ ഡീലി പ്ലാസയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മണിക്കൂറുകളോളം കൊടുംചൂടിനെ അതിജീവിച്ചാണ് മാര്‍ച്ച് ചെയ്യുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. 'തങ്ങള്‍ അഫ്രീന്‍ ഫാത്തിമയ്‌ക്കൊപ്പം നില്‍ക്കുന്നു,
'ഇന്ത്യന്‍ മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടു. തന്റെ പിതാവിനെ വര്‍ഗീയ കലാപങ്ങളുടെ സൂത്രധാരനാണെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ച ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീട് നിലംപരിശാക്കുകയും ചെയ്തതിന്റെ ഇരയായിരുന്നു 22കാരിയായ ഫാത്തിമ. 200 മില്യന്‍ മുസ്‌ലിംകള്‍ക്കെതിരായ കടുത്ത പീഡനത്തില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് കോണ്‍ഗ്രസും ബൈഡന്‍ അഡ്മിനിസ്‌ട്രേഷനും തയ്യാറാവണമെന്ന് ഡാലസിലും ബേ ഏരിയയിലും തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ ദേശീയ പതാക കുങ്കുമ നിറമാക്കുകയും അശോകചക്രം ബുള്‍ഡോസറുകളാക്കുകയും ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കരുതെന്ന് ഡാലസ് പ്രതിഷേധത്തില്‍ സംസാരിച്ച ഇന്ത്യന്‍ അമേരിക്കക്കാരിയായ സബിഹ ഷെരീഫ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം ഇടപെടേണ്ട സമയമാണിത്. ഒരു രാജ്യത്തിനും സഖ്യകക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശഹത്യ നയങ്ങള്‍ക്ക് പിന്തുണ നല്‍കരുത്- ഐഎഎംസി പ്രസിഡന്റ് സയ്യിദ് അഫ്‌സല്‍ അലി അഭിപ്രായപ്പെട്ടു. മുസ്‌ലിംകള്‍ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഉപയോഗത്തെയും പോലിസ് അക്രമത്തെയും ഉടനടി പരസ്യമായി അപലപിക്കാനും മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനങ്ങള്‍ക്ക് ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി അംഗീകരിക്കാനും ബൈഡനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.