ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

അന്താരാഷ്ട്ര സമൂഹം ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. കൊലപാതകം മേഖലയില്‍ കുഴപ്പമുണ്ടാക്കാന്‍ ആസൂത്രണം ചെയ്തതും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് ഇറാന്‍ യുഎന്‍ അംബാസഡര്‍ മാജിദ് തഖ്ത് രവാഞ്ചി പറഞ്ഞു.

Update: 2020-11-28 05:33 GMT
തെഹ്‌റാന്‍: മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. കുറ്റവാളികളെ വെറുതെവിടില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനിയുടെ സൈനിക ഉപദേഷ്ടാവ് ഹുസയ്ന്‍ ദെഹ്ഗാന്‍ പ്രതിജ്ഞയെടുത്തു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ആണവായുധ പദ്ധതിയുടെ തലവനുമായ മുഹ്‌സിന്‍ തലസ്ഥാന നഗരമായ തെഹ്‌റാന് സമീപം ദാവന്തില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ ഒരുസംഘം ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.

   



 

ആക്രമണത്തില്‍ ഇസ്രയേല്‍ പങ്കിനു സൂചനകളുണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. പറഞ്ഞു. ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ തീവ്രവാദികള്‍ ഇന്ന് കൊലപ്പെടുത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. കൊലപാതകം മേഖലയില്‍ കുഴപ്പമുണ്ടാക്കാന്‍ ആസൂത്രണം ചെയ്തതും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് ഇറാന്‍ യുഎന്‍ അംബാസഡര്‍ മാജിദ് തഖ്ത് രവാഞ്ചി പറഞ്ഞു. ആധുനിക ശാസ്ത്രങ്ങളിലേക്കുള്ള നമ്മുടെ പ്രവേശനം തടയുന്നതിനുള്ള ആഗോള മേധാവിത്വത്തിന്റെ ഏറ്റവും വ്യക്തമായ ലംഘനമാണ് ന്യൂക്ലിയര്‍ ശാസ്ത്രജ്ഞരുടെ കൊലപാതകമെന്ന് ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസയ്ന്‍ സലാമി പറഞ്ഞു. ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് വളരെ അശ്രദ്ധമായതും ക്രിമിനല്‍ പ്രവൃത്തിയുമാണെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മുന്‍ മേധാവി ജോണ്‍ ബ്രെനന്‍ പറഞ്ഞു. കൊലപാതകം ശക്തമായ പ്രതികാരത്തിനും സംഘര്‍ഷത്തിനു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കൊലപാതക വാര്‍ത്തയെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

    ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍ വിശേഷിപ്പിച്ച അദ്ദേഹത്തോട് ഇസ്രായേലിന് കടുത്ത വിദ്വേഷം ഉണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് ടിവി റിപോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ പ്രവൃത്തിപഥത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പാണ് കൊലപാതകം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴിലെ നാലു വര്‍ഷത്തിനിടെ ഇറാനുമായി പോരിലായിരുന്നു. ഇസ്രയേലില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും ജനുവരിയില്‍ യുഎസ് പ്രസിഡന്റാവുമ്പോള്‍ ഇറാനുമായി ബന്ധം സ്ഥാപിക്കുമെന്ന് ജോ ബെഡന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ കൈവശം ആണവായുധമുണ്ടെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ നിലപാടെങ്കിലും ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നാണ് ഇറാന്‍ നിലപാട്. ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച റിപോര്‍ട്ടുകള്‍ ട്രംപ് വെള്ളിയാഴ്ച റീട്വീറ്റ് ചെയ്തു.

    ലോകമെമ്പാടുമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇസ്രായേലിനു ബന്ധമുണ്ടെന്ന് തായ്ലന്‍ഡ് പ്രസ്താവിച്ചതിനു പിന്നാലെയാണ് കൊലപാതകം. ഇറാനിലെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. നേരത്തേ, അമേരിക്കന്‍ നിര്‍ദേശപ്രകാരം അല്‍-ഖാഇദയുടെ രണ്ടാം കമാന്‍ഡറെ ടെഹ്റാനില്‍ രണ്ട് ഇസ്രായേലി പ്രവര്‍ത്തകര്‍ മോട്ടോര്‍ സൈക്കിളിലെത്തി വെടിവച്ച് കൊന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസയുടെ വിധവയായ മകള്‍ മിറിയത്തിനൊപ്പം കഴിഞ്ഞ ആഗസ്തില്‍ കൊല്ലപ്പെട്ടത് മുതിര്‍ന്ന നേതാവ് അബു മുഹമ്മദ് അല്‍ മസ് രിയാണെന്നാണ് റിപോര്‍ട്ട് ചെയ്തത്.




Tags:    

Similar News