തിരൂരങ്ങാടിയില്‍ കൗതുകമുണര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണം

Update: 2022-08-04 12:38 GMT

പരപ്പനങ്ങാടി: അപ്രതീക്ഷിതമായി കാക്കിധാരികളെത്തിയപ്പോള്‍ തീരദേശവാസികള്‍ ആദ്യമൊന്നമ്പരന്നു. അടുക്കാനൊന്നറച്ചുവെങ്കിലും സൗഹൃദ ഭാവത്തിലെത്തിയ ഉദ്യോഗസ്ഥരുടെ ആഗമനോദ്ദേശം മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. വാഹനാപകട ബോധവല്‍ക്കരണത്തിനാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് എത്തിയത്.

അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തും സ്‌നേഹസംഭാഷണങ്ങളിലൂടെയും സംഘടിപ്പിച്ച ബോധവല്‍ക്കരണം പ്രദേശവാസികള്‍ക്ക് നവ്യാനുഭവവും പുത്തനറിവുകളും പകരുന്നതായിരുന്നു. സ്‌നേഹവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കി ജാഗ്രതയുടെയും നിയമപാലനത്തിന്റെയും സുരക്ഷയുടെയും നന്മ നിറഞ്ഞ പാഠങ്ങള്‍ പഠിപ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംശയനിവാരണങ്ങള്‍ക്ക് അവസരം ഒരുക്കിയത് ആളുകളില്‍ ആവേശമുണര്‍ത്തി.

തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശ പ്രകാരം എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, ടി മുസ്തജാബ്, ഡ്രൈവര്‍ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി വള്ളിക്കുന്ന് മേഖലകേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം നടത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ പ്രവര്‍ത്തനക്ഷമമാകുന്നതോടെ അശ്രദ്ധ പരമായിട്ടുള്ള ഡ്രൈവിങ്ങിന് കനത്ത പിഴ നല്‍കേണ്ടിവരും. അതിനു മുന്നോടിയായാണ് ഇത്തരത്തിലുള്ള ബോധവല്‍ക്കരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

Tags:    

Similar News