മുസ് ലിം സ്‌കോളര്‍ഷിപ്പിനു പിന്നാലെ മദ്‌റസാധ്യാപക ക്ഷേമ നിധി റദ്ദാക്കാനും നീക്കം

Update: 2021-06-02 15:23 GMT

പി സി അബ്ദുല്ല

കോഴിക്കോട്: സാമൂഹിക പശ്ചാത്തലവും വസ്തുതകളും മറച്ചുവച്ച് മുസ്ലിം സമുദായത്തിന്റെ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാനുള്ള സംഘടിത നീക്കം കേരളത്തില്‍ ശക്തം. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അട്ടിമറിച്ചതിനു പിന്നാലെ, മദ്‌റസാധ്യാപക ക്ഷേമനിധി ഇല്ലാതാക്കാനുള്ള നീക്കവും ലക്ഷ്യത്തോടടുക്കുകയാണ്.

മദ്‌റസാധ്യാപക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നു സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം നല്‍കുന്നതെന്നാണ് കോടതി ചോദിച്ചത്. 2019ലെ കേരള മദ്റസാധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം സ്വദേശി മനോജ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

തൊഴിലാളിക്ഷേമ പദ്ധതിക്ക് മതപരമായ മാനം നല്‍കിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. മദ്‌റസാധ്യാപക ക്ഷേമനിധിക്കെതിരേ രണ്ടു വര്‍ഷം മുന്‍പ് ടി പി സെന്‍കുമാറും ബിജെപി മുഖപത്രവും ആരംഭിച്ച വിഷലിപ്തമായ നുണപ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് ഹൈക്കോടതിയിലെത്തിയ ഹര്‍ജിയുടെ പ്രേരണ. മദ്‌റസാധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന്

പ്രതിവര്‍ഷം രണ്ടു കോടി രൂപ ചെലവിടുന്നു എന്ന പെരുംനുണയാണ് സെന്‍കുമാറും ജന്‍മഭൂമിയും പ്രചരിപ്പിച്ചത്.

കേരളത്തില്‍ ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും നടപ്പാക്കിയ ക്ഷേമപദ്ധതിയാണ് സമാനമായ മാനദണ്ഡങ്ങളോടെ മദ്‌റസാധ്യാധ്യാപക ക്ഷേമനിധിയായും നടപ്പാക്കിയത്.

ഒരു മതസമൂഹം എന്ന നിലയില്‍ അല്ല, തൊഴില്‍സമൂഹം എന്ന നിലയ്ക്കാണ് മദ്‌റസാധ്യാപക ക്ഷേമനിധി ആവിഷ്‌കരിച്ചിട്ടുള്ളത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1,648 ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉണ്ട്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്.

2010ല്‍ വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്താണ് മദ്‌റസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ക്ഷേമനിധി ആരംഭിച്ചതും.

തൊഴിലാളികള്‍ എന്ന നിലയില്‍ മദ്‌റസാധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി രൂപീകരിച്ചതാണ് മദ്‌റസാധ്യാപക ക്ഷേമനിധി. കോഴിക്കോടാണ് ആസ്ഥാനം. 20നും 65നും ഇടയില്‍ പ്രായമുള്ള മദ്റസാധ്യാപകര്‍ക്കാണ് അംഗത്വം.

മദ്റസാധ്യാപകരില്‍നിന്നും മാനേജ്മെന്റില്‍നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് മദ്‌റസാധ്യാപക ക്ഷേമനിധിയുടെ പ്രധാന മൂലധനം.

ഇപ്പോള്‍ 25 കോടിയോളം രൂപ ഈ വകയില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ഉണ്ട്. സര്‍ക്കാര്‍ ട്രഷറിയിലെ നിക്ഷേപത്തിനുള്ള പലിശയ്ക്ക് പകരമായി സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മദ്റസാധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. മറ്റു തൊഴിലാളി ക്ഷേമനിധികളിലേതിനു സമാനമായി വര്‍ഷത്തില്‍ 200 രൂപ മാത്രമാണ് ക്ഷേമ നിധിയിലേക്കുള്ള സര്‍ക്കാരിന്റെ ഗ്രാന്റ്.

അതാകട്ടെ സമയബന്ധിതമായി സര്‍ക്കാരുകള്‍ നല്‍കാറുമില്ല. അംഗങ്ങളുടെ ഗ്രാന്റ് ഇനത്തില്‍ പത്തു കോടിയോളം രൂപ മദ്‌റസാക്ഷേമ നിധി ബോര്‍ഡിന് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാനുണ്ട്.

2012 മാര്‍ച്ച് 19 ല ഉത്തരവു പകാരം മദ്‌റസാധ്യാപക ക്ഷേമനിധി നൂറു ശതമാനം പലിശരഹിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

മദ്‌റസാധ്യാപക ക്ഷേമ നിധി വഴി സര്‍ക്കാര്‍ കോടികള്‍ വാരി വിതറുന്നു എന്ന് സംഘപരിവാരവും മറ്റും പ്രചരിപ്പിക്കുമ്പോല്‍ യാഥാര്‍ഥ്യം അതീവ ദയനീയമാണ്.

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം മദ്‌റസാധ്യാപകരില്‍ 26,500 ഓളം പേര്‍ക്കു മാത്രമേ ഇനിയും ക്ഷേമനിധിയില്‍ അംഗത്വം ലഭിച്ചിട്ടുള്ളൂ.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്ന മദ്‌റസ അധ്യാപകര്‍ക്ക് 2000 രൂപയുടെ ധനസഹായം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അംഗമായതുമുതല്‍ മുടങ്ങാതെ വിഹിതം അടയ്ക്കുന്നവര്‍ക്കാണ് സഹായം ലഭിക്കൂ എന്നതിനാല്‍ മഹാഭൂരിഭാഗം മദ്‌റസാധ്യാപകര്‍ക്കും ഈ സഹായം ലഭിച്ചില്ല. 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ അംഗത്വം പുതുക്കിയ നന്നേ ചെറിയ ശതമാനത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിച്ചുള്ളൂ.

ക്ഷേമനിധി ബോര്‍ഡ് വന്നതിനുശേഷം ഒട്ടനവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

മുഅല്ലിംകളുടെ പ്ലസ്ടു കഴിഞ്ഞ സര്‍ക്കാര്‍, എയ്ഡഡ് കോളജില്‍ പഠിക്കുന്ന മക്കള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സെല്‍ഫ് ഫിനാന്‍സ് കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസിനു തുല്യമായ ഫീസ്, പെണ്‍കുട്ടികളുടെ വിവാഹത്തിന് 25,000 രൂപസഹായ ധനം, രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പ, അംഗം മരിച്ചാല്‍ 5,000 രൂപ മുതല്‍ 50,000 രൂപ വരെ ഗഡുക്കളായി കുടുംബത്തിന് സഹായം, ഭവനനിര്‍മാണത്തിന് 2,50,000 രൂപ 48 മാസത്തേക്ക് പലിശരഹിത വായ്പ തുടങ്ങിയവയാണ് പദ്ധതികള്‍. ഭവനവായ്പ നാലു ലക്ഷമാക്കി ഉയര്‍ത്തി 84 മാസത്തേക്ക് ആക്കാന്‍ വേണ്ടി സര്‍ക്കാരില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഗ്രാന്റ് ഇനത്തിലുള്ള തുക സര്‍ക്കാര്‍ സമയബന്ധിതമായി നല്‍കാത്തതിനാല്‍ പദ്ധതികളെല്ലാം അവതാളത്തിലാണ്. ക്ഷേമകാര്യങ്ങള്‍ക്കായുള്ള 10,000ത്തില്‍ല്‍ അധികം അപേക്ഷകള്‍ ബോര്‍ഡില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്.

ക്ഷേമനിധി അംഗങ്ങള്‍ക്ക് മദ്റസാധ്യാപക ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്നതിനായി മാസംതോറും 50രൂപ മദ്റസാ മാനേജ്മെന്റ് നല്‍കണം. ബാക്കി 50 രൂപ അധ്യാപകനും അടക്കണം. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് മദ്‌റസകള്‍ അടഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.

പല മഹല്ല് കമ്മിറ്റികളും ക്ഷേമ നിധിയിലേക്കുള്ള മാനേജ്‌മെന്റ് വിഹിതം അടച്ചില്ല.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. സര്‍ക്കാര്‍ നല്‍കുന്ന പണമാണ് ദേവസ്വം ബോര്‍ഡ് ഇതിനായി വിനിയോഗിക്കുന്നത്.

മദ്‌റസാധ്യാപക ക്ഷേമ നിധിക്കെതിരായ വര്‍ഗീയ ലക്ഷ്യത്തോടെയുള്ള കുപ്രചാരണങ്ങളെ സര്‍ക്കാര്‍ കോടതിയില്‍ തുറന്നു കാട്ടിയില്ലെങ്കില്‍ 80:20 വിഷയത്തിലെന്ന പോലെയാവും കാര്യങ്ങള്‍. മുസ്ലിം സംഘടനകളും ഇക്കാര്യത്തില്‍ മതിയായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags:    

Similar News