കോഴിക്കോട്: മദ്‌റസാധ്യാപകരുടെ ശമ്പളം 26,000 രൂപയായി ഉയര്‍ത്തണമെന്നാണ് മുസ്‌ലിം സംഘടനകളുടെയും മത നേതാക്കളുടെയും ആവശ്യമെന്നും സര്‍ക്കാര്‍ അത് പരിഗണിക്കുകയുമാണെന്നാണ് 'ജന്മഭൂമി' യില്‍ അടുത്തിടെ പ്രധാന വാര്‍ത്ത വന്നത്. സമൂഹത്തില്‍ ഇരട്ട ശമ്പളം കൈപറ്റുന്ന അപൂര്‍വ്വം ആളുകളില്‍ ഭൂരിഭാഗമായി മദ്‌റസ അധ്യാപകരാണെന്നും രണ്ടു ലക്ഷത്തോളം വരുന്ന മദ്‌റസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കി മതപഠനത്തിന്റെ പേരില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നതെന്നും ബിജെപി മുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു. കത്തോലിക്കാ സഭയുടെ ഐടി സെല്‍ നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമ ഗ്യൂപ്പുകളില്‍ ഈ വാര്‍ത്ത വൈറലാണ്. കഴിഞ്ഞ പത്തു മാസത്തിലേറെയായി മദ്‌റസകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന തുച്ഛമായ ശമ്പളവും നിലച്ച സാഹചര്യത്തിര്‍ കുടുംബം പോറ്റാന്‍ കൂലിപ്പണിയും വഴിയോര കച്ചവടവും നടത്തുകയാണ് കേരളത്തിലെ മദ്‌റസാധ്യാപകര്‍.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്‌റസകള്‍ അടച്ചപ്പോള്‍ ഇരുളടഞ്ഞത് അനേകായിരം മദ്‌റസാ അധ്യാപകരുടെ ജീവിതമാണ്. മുഴുപ്പട്ടിണിയിലായ മദ്‌റസ അധ്യാപകര്‍ക്ക്2000 രൂപയുടെ കൊവിഡ് ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ക്ഷേമ നിധിയില്‍ അംഗമായത് മുതല്‍ മുടങ്ങാതെ വിഹിതം അടയ്ക്കുന്നവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ധനസഹായം നല്‍കാവൂ എന്ന വ്യവസ്ഥ കാരണം മഹാ ഭൂരിഭാഗം മുഅല്ലിംകള്‍ക്കും സര്‍ക്കാരിന്റെ കൊവിഡ് കാല ധന സഹായം ലഭിച്ചില്ല. 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് വരെയുള്ളകാലയളവില്‍ക്ഷേമനിധിയില്‍ അംഗത്വം പുതുക്കിയ ആളുകള്‍ക്കു മാത്രമേ സര്‍ക്കാര്‍ സഹായം ലഭിച്ചുള്ളൂ.
2020 വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷത്തേിലേറെ മദ്‌റസാധ്യാപകരില്‍ 26,000 ത്തോളം പേര്‍ മാത്രമാണ് ക്ഷേമ നിധിയില്‍ അംഗത്വമെടുത്തത്. ഇതില്‍ പകുതിയോളം അംഗങ്ങള്‍ മാസവരി മുടക്കിയതിനാല്‍ അംഗത്വം സാധുവല്ല. ചുരുക്കത്തില്‍, കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ 15,000 ത്തോളം മദ്‌റസാധ്യാപകര്‍ക്കു മാത്രമാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍, ബീവറേജില്‍ നിന്നുള്ള ലാഭവിഹിതം ക്ഷേമനിധിയിലുണ്ടെന്ന പ്രചാരണത്തിന്റെ മറവില്‍ അപേക്ഷിക്കാത്തവര്‍, തുടക്കത്തില്‍ അംശാദായം അടച്ചിട്ട് മൂന്നുതവണ മുടങ്ങി അംഗത്വം റദ്ദായവര്‍, പലിശപ്പണം വേണ്ടെന്ന നിലപാടെടുത്തവര്‍ തുടങ്ങി ക്ഷേമനിധിയില്‍ അംഗത്വമുള്ള പതിനൊന്നായിരത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഅല്ലിം ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മദ്‌റസാ ക്ഷേമനിധിയില്‍ ഒരംഗത്തിന് വര്‍ഷത്തില്‍ 200 രൂപ സര്‍ക്കാര്‍ ഗ്രാന്റ് ഉണ്ട്. അതാണ് ക്ഷേമ കാര്യങ്ങള്‍ക്കുള്ളബോര്‍ഡിന്റെ പ്രവര്‍ത്തന മൂലധനം. എന്നാല്‍, അംഗങ്ങളുടെ ഗ്രാന്റ് ഇനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒമ്പതു കോടി രൂപ സര്‍ക്കാര്‍ മദ്‌റസാ ക്ഷേമ നിധി ബോര്‍ഡിന് നല്‍കാനുണ്ട്.സര്‍ക്കാര്‍ ഗ്രാന്റ് നിലച്ചതോടെ മുഅല്ലിം ക്ഷേമ പദ്ധതികളാകെ അട്ടിമറിഞ്ഞു. ക്ഷേമ കാര്യങ്ങള്‍ക്കായുള്ള മുഅല്ലിംകളുടെ 12,000ത്തിലധികം അപേക്ഷകള്‍ പണമില്ലാത്തതിനാല്‍ ബോര്‍ഡില്‍ കെട്ടിക്കിടക്കുകയാണ്. 2010ല്‍ വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്താണ് മദ്‌റസാ അധ്യാപകര്‍ക്കായിസര്‍ക്കാര്‍ ക്ഷേമ നിധി ആരംഭിച്ചത്. മദ്‌റസാഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുംപുരോഗതിയും ലക്ഷ്യമാക്കി രൂപീകരിച്ചതാണ് മദ്‌റസാ അധ്യാപക ക്ഷേമനിധി. കോഴിക്കോടാണ് ആസ്ഥാനം. 20നും 65നുംഇടയില്‍ പ്രായമുള്ള മദ്‌റസാ അധ്യാപകര്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങളാവാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നോഅര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കാന്‍അര്‍ഹതയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാവാന്‍ സാധ്യമല്ല. 2011ലെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സിപിഎമ്മിന്റെ തട്ടിക്കൂട്ട് നാടകമായിരുന്നു മദ്‌റസാ ക്ഷേമ നിധി. അടിസ്ഥാനഘടനയോ മാര്‍ഗ നിര്‍ദേശങ്ങളോ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍10 കോടിരൂപ മദ്‌റസാധ്യാപക ക്ഷമ നിധിയിലേക്ക് സര്‍ക്കാര്‍ അനുവദിച്ചു. ആ പണം ഒരു സഹകരണ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. അതിന്റെ പലിശ ഉപയോഗിച്ചായിരുന്നു ബോര്‍ഡിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍. പലിശപ്പണമാണ് അംഗങ്ങളായി ചേരുന്ന മദ്‌റസാധ്യാപകര്‍ക്ക് ആനുകൂല്യമായി ലഭിക്കുന്നതെന്നത് വലിയ വിവാദമുയര്‍ത്തി. സമസ്തയടക്കമുള്ള സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പലിശപ്പണത്തില്‍നിന്നുള്ള സഹായം വേണ്ട എന്ന നിലപാടില്‍ മഹാ ഭൂരിഭാഗം മദ്‌റസാ അധ്യാപകരുംക്ഷേമ നിധിയില്‍ അംഗത്വമെടുത്തില്ല.
2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ മദ്‌റസാ ക്ഷേമ നിധി ഫണ്ട് സഹകരണബാങ്കില്‍ നിന്ന് പിന്‍വലിച്ച് കോഴിക്കോട് ട്രഷറിയിലേക്ക് മാറ്റി. ക്ഷേമ വിഹിതം പലിശരഹിതമാക്കി ഉത്തരവിറക്കി. 2012 മാര്‍ച്ച് 19ലെ ഉത്തരവു പ്രകാരം മദ്‌റസാധ്യാപക ക്ഷേമനിധി 100 ശതമാനം പലിശരഹിതമായിട്ടാണ് പുനരാവിഷ്‌കരിച്ചത്. പക്ഷേ, യുഡിഎഫ് സര്‍ക്കാരിനു കീഴിലും കാര്യങ്ങള്‍ സുഗമമായില്ല. 2017 വരെ രണ്ടു ലക്ഷത്തോളം മദ്‌റസാധ്യാപകരില്‍ 14000 പേര്‍ മാത്രമേ ക്ഷേമനിധിയില്‍ അംഗത്വമെടുത്തുള്ളൂ. 2018 നവംബറില്‍ സംസ്ഥാനത്ത് വിപുലമായ ലക്ഷ്യങ്ങളോടെ മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു. മൂഴിക്കല്‍ സ്വദേശി എം പി അബ്ദുല്‍ ഗഫൂര്‍ ആണ് ചെയര്‍മാന്‍. അതോടെ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ വ്യവസ്ഥാപിതമായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 25200 മദ്‌റസാധ്യാപകര്‍ അംഗത്വമെടുത്തു. ബോര്‍ഡ് നിലവില്‍ വന്ന ശേഷം നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. മുഅല്ലിംകളുടെ പ്ലസ്ടു കഴിഞ്ഞ സര്‍ക്കാര്‍, എയ്ഡഡ് കോളജില്‍ പഠിക്കുന്ന മക്കള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സെല്‍ഫ് ഫിനാന്‍സ് കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗവണ്‍മെന്റ് ഫീസിനു തുല്യമായ ഫീസ്, പെണ്‍കുട്ടികളുടെ വിവാഹത്തിന് 25,000 രൂപസഹായ ധനം, രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പ, അംഗം മരിച്ചാല്‍ 5,000 രൂപ മുതല്‍ 50,000 രൂപ വരെ ഗഡുക്കളായി കുടുംബത്തിന് സഹായം, ഭവന നിര്‍മാണത്തിന് 2,50,000 രൂപ 48 മാസത്തേക്ക് പലിശരഹിത വായ്പ തുടങ്ങിയവയാണ് പദ്ധതികള്‍. ഭവന വായ്പ നാലു ലക്ഷമാക്കി ഉയര്‍ത്തി 84 മാസത്തേക്ക് ആക്കാന്‍ വേണ്ടി സര്‍ക്കാരില്‍നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ഗ്രാന്റ് ഇനത്തിലുള്ള ഒന്‍പതു കോടിയോളം രൂപ സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കാത്തതിനാല്‍ ഈ ക്ഷേമ പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. രണ്ടു ലക്ഷത്തിലേറെ മുഅല്ലിംകളില്‍ 25,000 പേര്‍ മാത്രമേ ഇതുവരെ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിച്ചുള്ളൂ എന്നത് പഠന വിധേയമാക്കേണ്ടവിഷയമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാത്ത സമുദായത്തിന്റെ പിടിപ്പു കേട്..!.
Muallim Welfare board; Hate propaganda continues