മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ റാക്കെറ്റെന്ന് സൂചന; 43 അംഗ സംഘം താമസിച്ച സ്ഥലത്ത് പോലിസ് പരിശോധന

പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചു. സംഘം ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്നാണ് കൊച്ചിയിലെത്തിയതെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വന്‍ റാക്കറ്റാണ് ഇവരെ വിദേശത്തേയ്ക്ക് കടത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.

Update: 2019-01-15 07:46 GMT

കൊച്ചി: കൊച്ചിയില്‍നിന്നും 43 അംഗ സംഘം മല്‍സ്യബന്ധന ബോട്ടില്‍ വിദേശരാജ്യത്തേയക്ക് കടന്നുവെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ഇവര്‍ താമസിച്ചിരുന്ന കൊച്ചി ചെറായിയിലെയും ചോറ്റാനിക്കരയിലെയും റിസോര്‍ട്ട്, ഹോട്ടല്‍, ലോഡ്ജ് അടക്കമുളള സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇവരുടെ രേഖങ്ങളും മറ്റു വിശദാംശങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചു. സംഘം ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്നാണ് കൊച്ചിയിലെത്തിയതെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

വന്‍ റാക്കറ്റാണ് ഇവരെ വിദേശത്തേയ്ക്ക് കടത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ പോയ ബോട്ടിന്റെ ഉടമയെ പോലിസ് തിരിച്ചറിഞ്ഞതായാണ് വിവരം. തിരുവനന്തപുരം സ്വദേശിയുടേതാണ് ബോട്ട്. ആന്ധ്ര, കോവളം സ്വദേശികളായ രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം ഈ ബോട്ട് വിറ്റിരുന്നു. എന്നാല്‍, വാങ്ങിയത് വ്യാജ വിലാസത്തിലാണെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബോട്ടുവാങ്ങിയ ആളെ കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ മനൂഷ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാവുമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ബോട്ട് കണ്ടെത്താന്‍ നാവികസേനയുടെ ഒന്നും തീരദേശസേനയുടെ രണ്ടും കപ്പലുകള്‍ പുറങ്കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്. 43 അംഗ സംഘത്തിന്റെ ഫോണ്‍വിവരങ്ങളും പോലിസ് പരിശോധിച്ചുവരികയാണ്.

വിനോദ സഞ്ചാരികളെന്ന പേരില്‍ ചെറായിയിലെത്തിയ സംഘം രണ്ടുദിവസത്തേയക്കെന്നു പറഞ്ഞാണ് ഹോംസ്‌റ്റേയിലും റിസോര്‍ട്ടിലുമായി താമസം തുടങ്ങിയത്. എന്നാല്‍, ഇത് പിന്നീട് അഞ്ചുദിവസമായി മാറി. ഹിന്ദിയും തമിഴുമാണ് ഇവര്‍ സംസാരിച്ചിരുന്നത്. ഒരാള്‍ മലയാളവും സംസാരിച്ചിരുന്നുവെന്നും പറയുന്നു. ഡല്‍ഹി മേല്‍വിലാസത്തിലുളള തിരിച്ചറിയല്‍ രേഖകളാണ് ഇവര്‍ നല്‍കിയത്. ഗര്‍ഭിണികളും കുട്ടികളും സംഘത്തിലുണ്ട്. സൗത്ത് ഇന്ത്യാന്‍ ടൂര്‍ എന്നു പറഞ്ഞാണ് സംഘമെത്തിയതെന്നും പറയുന്നു. സംഘം താമസിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ബാഗുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ മനുഷ്യകടത്ത് നടന്നതായി പോലിസിന് വിവരം ലഭിച്ചത്.





Tags:    

Similar News