മുനമ്പത്ത് നിന്ന് പോയ ബോട്ടില്‍ ഉള്ളവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് വിദേശമന്ത്രാലയം

ജനുവരി 12ന് ന്യൂസിലന്റിലേക്ക് പുറപ്പെട്ട ദേവമാത 2 എന്ന ബോട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചയത്.

Update: 2019-06-20 16:33 GMT

ന്യൂഡല്‍ഹി: ജനുവരിയില്‍ 243 പേരുമായി കൊച്ചിയിലെ മുനമ്പത്ത് നിന്നു പോയ ബോട്ടില്‍ ഉള്ളവരെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ജനുവരി 12ന് ന്യൂസിലന്റിലേക്ക് പുറപ്പെട്ട ദേവമാത 2 എന്ന ബോട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചയത്.

പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങള്‍ക്ക് കാണാതായ ബോട്ടിനെക്കുറിച്ച് വിവരം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ വിവരമൊന്നും ലഭിട്ടില്ലെന്ന് മന്ത്രാലയം വക്താവ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായവരുടെ കുടുംബക്കാര്‍ അവരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പല തലത്തിലും അധികൃതരുമായി ബന്ധപ്പെടുകയും മന്ത്രാലയത്തിന് സംയുക്ത മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ബോട്ടില്‍ കൊള്ളാവുന്നതിലും അധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നൂറിലേറെ സ്ത്രീകളും കുട്ടികളും പ്രായമായവരും ബോട്ടിലുണ്ടായിരുന്നു. ഭൂരിഭാഗവും ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. മുനമ്പത്തും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരും ഗുരുവായൂരും മറ്റു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത ബാഗുകളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഏജന്റുമാര്‍ വഴി ന്യൂസിലന്റിലേക്ക് അനധികൃത കുടിയേറ്റത്തിന് എത്തിവരായിരുന്നു ഇവര്‍. ബോട്ടിന് താങ്ങാവുന്നതിലും കൂടുതല്‍ ഭാരമുണ്ടായിരുന്നതിനാല്‍ ബാഗുകള്‍ താമസ സ്ഥലത്ത് ഉപേക്ഷിക്കുയായിരുന്നു. 19 പേര്‍ക്ക് ബോട്ടില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഏജന്റുമാര്‍ക്ക് 1.2 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ കൊടുത്താണ് ന്യൂസിലന്റിലേക്ക് ഇവര്‍ യാത്ര തിരിച്ചത്. 

Tags:    

Similar News