മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേയ്ക്ക് കടന്നത് 120 ഓളം പേര്‍; കൂടുതലും ബന്ധുക്കള്‍
ആദ്യഘട്ടം 43 പേരാണെന്നും പിന്നീട് 200 ലധികം പേരുണ്ടെന്നുമായിരുന്നു പോലിസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ബോട്ടില്‍ കയറാന്‍ പറ്റാതെ മടങ്ങിയവരില്‍പെട്ട പ്രഭു, രവി സനൂപ് രാജ എന്നിവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് ലഭിച്ച പുതിയ വിവരം.
കൊച്ചി: മുനമ്പത്തുനിന്ന് മല്‍സ്യബന്ധന ബോട്ടില്‍ വിദേശത്തേയക്ക് അനധികൃതമായി കടന്നത് 120 ഓളം പേരെന്ന് പോലിസിന്റെ നിഗമനം. ഇതില്‍ സ്ത്രീകളും കൊച്ചുകുട്ടികളും വരെയുണ്ടെന്ന് പോലിസ് സ്ഥീരികരിച്ചതായാണ് വിവരം. ആദ്യഘട്ടം 43 പേരാണെന്നും പിന്നീട് 200 ലധികം പേരുണ്ടെന്നുമായിരുന്നു പോലിസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ബോട്ടില്‍ കയറാന്‍ പറ്റാതെ മടങ്ങിയവരില്‍പെട്ട പ്രഭു, രവി സനൂപ് രാജ എന്നിവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് ലഭിച്ച പുതിയ വിവരം.
ബോട്ടില്‍ പോയവരുടെ പേരുവിവരം അടക്കം പോലിസ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 95 ശതമാനത്തിലധികം പേരും ബന്ധുക്കളുമാണത്രെ. നേരത്തെ ബോട്ടില്‍ കയറാന്‍ പറ്റാതെ മടങ്ങിയ ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്നും പ്രഭുവിനെ ഏതാനും ദിവസം മുമ്പും കഴിഞ്ഞ ദിവസം രവി സനൂപ് രാജയെയും പോലിസ് കസ്റ്റഡിയിലെടുത്ത് എറണാകുളത്തെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ രവി സനൂപ് രാജയുടെ മാതാപിതാക്കളും ഈ ബോട്ടില്‍ പോയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഭാര്യയും കുട്ടിയും പോവാന്‍ ശ്രമിച്ചെങ്കിലും പിന്നീട് രവി ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു മടക്കിക്കൊണ്ടുപോന്നുവെന്നാണ് വിവരം. ഇക്കാര്യം ചോദ്യം ചെയ്യലിനിടയില്‍ രവി അന്വേഷണ സംഘത്തോട് പറഞ്ഞതായും അറിയുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തെ കൂടാതെ കേന്ദ്ര അന്വേഷണ ഏജന്‍സികളും രവിയെ ചോദ്യം ചെയ്തുവരികയാണ്. ബോട്ട് കണ്ടെത്താനായി പുറങ്കടലില്‍ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കപ്പല്‍ കൂടാതെ സേനയുടെ വിമാനങ്ങളും തിരച്ചില്‍ പങ്കാളികളായിട്ടുണ്ട്. ശ്രീലങ്ക, ഇന്തോനീസ്യ, മലേസ്യ വഴിയായിരിക്കും ഇവര്‍ പോവുകയെന്നാണ് സേനയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതുപ്രകാരം ഈ രാജ്യങ്ങള്‍ക്കെല്ലാം ബോട്ടിനെക്കുറിച്ചുള്ള വിവരം ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ വഴി കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബോട്ട് ഇന്തോനീസ്യന്‍ തീരത്തുള്ളതായി കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് കൃത്യമായ സ്ഥീരീകരണം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വൈപ്പിന്‍ മുനമ്പം മാല്യങ്കര ബോട് ലാന്റിങ് സെന്ററില്‍നിന്നും ഏതാനും ദിവസം മുമ്പ് രാത്രിയോടെയാണ് മല്‍സ്യബന്ധന ബോട്ടില്‍ സംഘം പോയതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. സംഘം താമസിച്ചിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബാഗുകള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടന്നതായി പോലിസിന് വിവരം ലഭിച്ചത്.