മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് പോലിസ്; ബോട്ടിനെ കുറിച്ച് വിവരമില്ല
കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. പിന്നിലുള്ളത് അഞ്ചുപേര്‍. ഇവരെക്കുറിച്ച് പോലിസിന് വ്യക്തമായമായ വിവരം ലഭിച്ചു. ശ്രീകാന്തന്‍ മുഖ്യസൂത്രധാരനെന്നും പോലിസ് പറഞ്ഞു.
കൊച്ചി: മുനമ്പത്തു നിന്നു മല്‍സ്യബന്ധന ബോട്ടില്‍ സത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരടങ്ങുന്ന സംഘം അനധികൃതമായി വിദേശത്തേക്കു കടന്ന സംഭവം മനുഷ്യക്കടത്തല്ലെന്നും മറിച്ച് അനധികൃത കുടിയേറ്റമാണെന്നും പോലിസ്. ഇവര്‍ മുനമ്പത്ത് എത്തിയത്് ഡല്‍ഹിയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണെന്നു ഐജി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 12ന് പുലര്‍ച്ചെ പുറപ്പെട്ടെന്നാണ് അന്വേഷണത്തില്‍ നിന്നു വ്യക്തമായതെന്നും ഐജി പറഞ്ഞു. നൂറിലേറെ പേര്‍ സംഘത്തിലുണ്ട്്. ശ്രീകാന്തനാണ് മനുഷ്യക്കടത്തിന്റെ സൂത്രധാരകരില്‍ ഒരാള്‍. അന്വേഷണ സംഘം അയാളുടെ പിന്നാലെയുണ്ടെന്നും ഇയാളെ പിടികൂടുമെന്നും ഐജി പറഞ്ഞു. ബോട്ടിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. നാവിക സേനയും തീരസംരക്ഷണ സേനയും പുറങ്കടലില്‍ തിരിച്ചില്‍ നടത്തുന്നുണ്ട്. ബോട്ടിലുള്ളവര്‍ കരയിലുള്ളവരുമായി ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടില്ല. കടല്‍ മാര്‍ഗമാണ് പോയിരിക്കുന്നത് എന്നിതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ബോട്ടിലുള്ളവര്‍ സുരക്ഷിതരാണോയെന്നും പറയാന്‍ കഴിയില്ല. മല്‍സ്യ ബന്ധന ബോട്ടിലാണ് ഇവര്‍ പോയിരിക്കുന്നത്. ഇതില്‍ ഇത്രയധികം ആളുകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ കഴിയില്ല. ബോട്ടിന് രൂപമാറ്റം വരുത്തിയാണ് സംഘത്തെ കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. വിദേശത്തേക്ക് സംഘത്തെ കടത്തിക്കൊണ്ടുപോയിരിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാരൊക്കെയന്നത് സംബന്ധിച്ച് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചുപേരാണ് പിന്നിലുള്ളതെന്നാണ് വിവരം. ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെന്താണ് തൊഴിലെന്നും വ്യക്തമായിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.
കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. പിന്നിലുള്ളത് അഞ്ചുപേര്‍. ഇവരെക്കുറിച്ച് പോലിസിന് വ്യക്തമായമായ വിവരം ലഭിച്ചു. ശ്രീകാന്തന്‍ മുഖ്യസൂത്രധാരനെന്നും പോലിസ് പറഞ്ഞു. തിരുവനന്തപുരം വെങ്ങാനൂര്‍ മേലേപുത്തുര്‍ വീട്ടില്‍ അനില്‍കുമാര്‍, ഡല്‍ഹി മദന്‍ഗിര്‍, സി 1203 പ്രഭു ദണ്ഡപാണി(30), ഡല്‍ഹി, മദന്‍ഗിര്‍ ബി 1621 രവി രാജ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ ഇന്ത്യന്‍ പാസ്്‌പോര്‍ട്ട് ആക്റ്റ്, എമിഗ്രേഷന്‍ ആക്റ്റ്, ഫോറിനേഴ്‌സ് ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകളും ഇന്ത്യാന്‍ ശിക്ഷാ നിയമം 109, 120(ബി), 468, 471 എന്നി വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി ശ്രീകാന്തനാണു കേസിലെ മുഖ്യസൂത്രധാരന്‍. ഇയാള്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പോലിസ് കണ്ടെടുത്തതായാണു സൂചന. മുനമ്പത്ത് നിന്നു ന്യൂസിലന്റിലേക്കെന്നു പറഞ്ഞാണ് സംഘം പുറപ്പെട്ടത്. പോയവരില്‍ ബഹുഭൂരിപക്ഷവും ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള പുരൂഷന്‍മാരും സ്ത്രീകളും കുട്ടികളുമാണ്. ഇവര്‍ ഭൂരിഭാഗവും ബന്ധുക്കളും അയല്‍വാസികളുമാണ്. ശ്രീലങ്കയില്‍ നിന്നു കുടിയേറി പാര്‍ത്തവരുമുണ്ട്. മുനമ്പം സ്വദേശി ജിബന്‍ ആന്റണി എന്നയാളുടെ ദയാമാതാ 2 എന്ന ബോട്ടാണ് സംഘം ഉപയോഗിച്ചത്. ഇത് ശ്രീകാന്തന്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 1.2 കോടി രൂപയക്ക് വാങ്ങി. ഇവര്‍ക്കൊപ്പം ശെല്‍വം എന്നയാളും ഉണ്ട്. ഇവരെ കൂടാതെ ഡല്‍ഹിയില്‍ നിന്നു ആളെക്കൂട്ടിയവരില്‍ രവീന്ദ്ര, രവി, പ്രഭു എന്നുവരും ഉള്‍പ്പെടുമെന്നും പോലിസ് പറഞ്ഞു. ബോട്ടില്‍ പോയിരിക്കുന്നവരില്‍ ഒരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയിട്ടുള്ളത്. ബോട്ടിലെ തിരക്ക് കാരണം 20 പേര്‍ക്ക് പോവാനായില്ല. ഇതില്‍പെടുന്നതാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രഭുവും രവിയുമെന്നും പോലിസ് പറഞ്ഞു. ശ്രീകാന്തന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും പാസ്ബുക്കുകളും പോലിസ് പിടിച്ചെടുത്തു.