ഫാസില്‍-മസൂദ് കൊലപാതകം: അന്വേഷണത്തിലും നഷ്ടപരിഹാരത്തിലും വിവേചനം; മുസ് ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
മംഗളൂരു: കര്‍ണാടകയില്‍ മുസ് ലിം യുവാക്കളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി സര്‍ക്കാരും പോലിസും വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ് ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. അമ്പതിലധികം മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മംഗലാപുരത്ത് റാലി നടത്തും.
ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്കല്ലില്‍ ഫാസില്‍, സുള്ള്യയില്‍ വച്ച് മസുദ് എന്നീ യുവാക്കളാണ് സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായത്. മസൂദ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സുള്ള്യയില്‍ ബിജെപി നേതാവ് പ്രവീണും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, മൂന്ന് കേസുകളില്‍ ബിജെപി സര്‍ക്കാര്‍ പക്ഷപാതപരമായാണ് നിലപാട് സ്വീകരിച്ചത്. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ മാത്രം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശനം നടത്തി. ഇതേ സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട മസൂദിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നില്ല. പ്രവീണിന്റെ കുടുംബത്തിന് മാത്രമായി സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായം നല്‍കിയതും വിവാദമായി. പ്രവീണിന്റെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തുകയും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്‍ഐഎ സംഘം അന്വേഷണത്തിന്റെ മറവില്‍ മുസ് ലിം നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്. മൂന്ന് കൊലപാതക കേസുകളില്‍ ഒന്നില്‍ മാത്രം എന്‍ഐഎ അന്വേഷണവും ഒരാള്‍ക്ക് മാത്രം സര്‍ക്കാര്‍ സഹായവും പ്രഖ്യാപിച്ചതിനെതിരേ അന്ന് തന്നെ നിരവധി സംഘടനകള്‍ രംഗത്തെത്തിയുന്നു. എന്നാല്‍, സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാവാത്തതാണ് മുസ് ലിം സംഘടനകളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.