മൈസൂരില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച് ഉണ്ണിയേശുവിന്റെ പ്രതിമ തകർത്തു
മൈസൂരു: ക്രിസ്മസ് ആഘോഷത്തിനു പിന്നാലെ മൈസൂരില്‍ അജ്ഞാതര്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ചു. ചര്‍ച്ചിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ക്കുകയും ഭണ്ഡാരം മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മൈസൂരു പെരിയപട്ടണത്തിലെ സെന്റ് മേരീസ് പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് ആറോടെ ചര്‍ച്ചിലെ ജീവനക്കാരനാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ പാസ്റ്ററെ വിളിച്ച് അക്രമവിവരം അറിയിച്ചു.
അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന ഉണ്ണിയേശുവിന്റെ പ്രതിമയാണ് തകര്‍ത്തത്. പുറത്തുണ്ടായിരുന്ന ഭണ്ഡാരം തകര്‍ക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയം വൈദികന്‍ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍, യേശുവിന്റെ പ്രധാന പ്രതിമയ്ക്ക് കേടുപാടൊന്നും വരുത്തിയിട്ടില്ല. പള്ളിയുടെ പിന്‍വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നതെന്നാണ് പോലിസ് പറയുന്നത്. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് സൂപ്രണ്ട് സീമാ ലത്കര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്തെ നിരവധി ചര്‍ച്ചുകള്‍ക്കും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും നേരെ ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്മസ് പരിപാടിക്കിടെ വടികളുമായി ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചര്‍ച്ച് ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ തിരിച്ചറിയാനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതായും പോലിസ് അറിയിച്ചു.