മുസ്‌ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്ന് റാണാ അയ്യൂബ്
'മുഹമ്മദ് എന്നാണോ പേര്, ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് പറഞ്ഞാണ് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ബിജെപി പ്രാദേശിക നേതാവ് ക്രൂരമായി മര്‍ദിക്കുന്നത്. വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ന്യൂഡല്‍ഹി: 'മുഹമ്മദ് എന്നാണോ പേര്' എന്ന് ചോദിച്ച് ബിജെപി പ്രാദേശിക നേതാവിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. രാജ്യത്ത് വിദ്വേഷം വിതച്ച് വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ മൗനം പാലിച്ചതിന്റെ ഫലമാണ് ഇത്തരം കൊലകളെന്നായിരുന്നു അവരുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്ന് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
The Prime Minister of the country, Narendra Modi, the man who claims to have brought glory to India has destroyed the country beyond redemption. His silence through the worst Islamophobia in India will not evoke outrage from the world ? How much is enough for you world leaders ? https://t.co/ZQxOm01pIR
— Rana Ayyub (@RanaAyyub) May 21, 2022
'ഭാരതത്തിന് മഹത്വം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മോശമായ ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ മൗനം ലോകത്തിന്റെ രോഷം ഉളവാക്കില്ലേ? ലോക നേതാക്കന്മാര്‍ക്ക് ഇത്രയും മതിയാവില്ലേ?. ബിജെപി പ്രാദേശിക നേതാവ് വയോധികനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ എന്‍ഡിടിവി വാര്‍ത്ത പോസ്റ്റ് ചെയ്ത് കൊണ്ട് റാണാ അയ്യൂബ് ചോദിച്ചു.
'മുഹമ്മദ് എന്നാണോ പേര്, ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് പറഞ്ഞാണ് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ബിജെപി പ്രാദേശിക നേതാവ് ക്രൂരമായി മര്‍ദിക്കുന്നത്. വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം.
ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വൃദ്ധനെയാണ് നീമുച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജെപിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവായ ദിനേശ് കുശ്‌വാഹ എന്നയാളാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു. ഭന്‍വര്‍ലാല്‍ ജെയിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലിസ് അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നീമുച്ച് ജില്ലയിലെ റോഡരികിലാണ് ഭന്‍വര്‍ലാല്‍ ജെയിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുടുംബത്തിന് കൈമാറുകയും അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
സംസ്‌കാരത്തിന് ശേഷമാണ് ഭന്‍വര്‍ലാല്‍ ജെയിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കുടുംബാംഗങ്ങള്‍ കണ്ടത്. 'പേരെന്താണ്? മുഹമ്മദ്? ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചുകൊണ്ട് തലയിലും മുഖത്തും അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പരിഭ്രാന്തനായ വൃദ്ധന്‍ അക്രമിക്ക് പണം നല്‍കാമെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. ഇത് അക്രമിയെ പ്രകോപിപ്പിക്കുകയും അയാള്‍ വൃദ്ധന്റെ തലയിലും ചെവിയിലും നിര്‍ത്താതെ അടിക്കുകയും ചെയ്തു. അടിക്കുന്നത് നിര്‍ത്താന്‍ വേണ്ടിയാവാം വൃദ്ധന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് വീണ്ടും അക്രമിക്ക് നേരെ നീട്ടി. എന്നാല്‍ അക്രമി വൃദ്ധനെ മര്‍ദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.
വീഡിയോ കണ്ട ശേഷം ഭന്‍വര്‍ലാല്‍ ജെയിന്റെ കുടുംബാംഗങ്ങള്‍ പോലിസ് സ്‌റ്റേഷനിലെത്തി അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നതെന്ന് കെ എല്‍ ഡാങ്കി എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസെടുത്തെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.