മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു : രാഹുൽ ഗാന്ധി
ലഖ്‌നോ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഇപ്പോള്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്തു വര്‍ഷമായി പ്രധാനമന്ത്രി നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടും ഇവരുടെ പേര് എവിടെയും സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞടുപ്പിലെ തോല്‍വിയില്‍നിന്ന്, അവര്‍ രക്ഷിക്കുമെന്ന് കരുതിയാണ് മോദി ഈ പേരുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജില്‍ ഇന്‍ഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
'കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മോദി നിരവധി പ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ ഒരിക്കല്‍ പോലും അദാനി, അംബാനി എന്നീ പേരുകള്‍ സൂചിപ്പിച്ചിട്ടില്ല. ആരെങ്കിലും ഭയപ്പെടുമ്പോള്‍, തന്നെ രക്ഷിക്കാന്‍ വരുമെന്നു കരുതുന്നവരുടെ പേര് പറയാന്‍ തുടങ്ങും. അതുപോലെ മോദി അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരാണ് ഇപ്പോള്‍ പറയുന്നത് ഇന്‍ഡ്യ മുന്നണി എന്നെ തോല്‍പ്പിക്കുന്നു, അദാനീ, അംബാനീ എന്നെ രക്ഷിക്കൂ, ഇതാണ് യാഥാര്‍ഥത്തില്‍ നടക്കുന്നത്.
അദാനി ടെമ്പോ വാനില്‍ പണമയക്കുന്നത് എങ്ങനെയാണെന്ന് മോദിക്കറിയാം. അദ്ദേഹത്തിന് അക്കാര്യത്തില്‍ അനുഭവമുണ്ട്. രാജ്യത്തെ 22 വന്‍കിട വ്യവസായികള്‍ക്കു വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്. അടുത്ത ഏതാനും നാളുകള്‍ മോദിയും അമിത് ഷായും നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇന്ത്യ വലിയ മാറ്റത്തിന് തയാറെടുത്തു കഴിഞ്ഞു. ബിജെപി ഏറ്റവും വലിയ തോല്‍വിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്' രാഹുല്‍ പറഞ്ഞു.
നേരത്തെ, രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനി, അംബാനി എന്നിവരുടെ പേരുകള്‍ പറഞ്ഞ് വിമര്‍ശിക്കുന്നില്ലെന്നും ഇരുവരും കോണ്‍ഗ്രസിന് പണം നല്‍കിയെന്നും മോദി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇവരുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. ടെമ്പോ വാനില്‍ ചാക്കുകെട്ടുകളായി കോണ്‍ഗ്രസ് പണം വാങ്ങിയെന്നും അതിനാലാണ് ഇപ്പോള്‍ ഇവരുടെ പേര് പരാമര്‍ശിക്കാത്തതെന്നും മോദി പറഞ്ഞിരുന്നു.