മണിപ്പൂരിലെ കൊടുംക്രൂരതയില്‍ രാജ്യവ്യാപക പ്രതിഷേധം

Update: 2023-07-20 11:33 GMT

ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് കുക്കി ക്രൈസ്തവ സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടുറോഡിലൂടെ നടത്തുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പാര്‍ലിമെന്റിന് അകത്തും പുറത്തും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വന്‍ പ്രതിഷേധമാണുയരുന്നത്. മോദിയുടെ മിണ്ടാട്ടവും നിഷ്‌ക്രിയത്വവും മണിപ്പുരിനെ അരാജകത്വത്തിലേക്ക് നയിച്ചതായും കോണ്‍ഗ്രസ് നോത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മണിപ്പുരില്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ പുതിയ കൂട്ടായ്മയായ 'ഇന്ത്യ' ക്ക് മിണ്ടാതിരിക്കാനാവില്ല. മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് മുന്നോട്ടുള്ള ഏക വഴിയെന്നും രാഹുല്‍ പ്രതികരിച്ചു. നഗ്‌നരായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. മണിപ്പുരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് 78 ദിവസം കഴിഞ്ഞു. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പ്രകടനമായി നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിട്ട് 77 ദിവസവും കഴിഞ്ഞെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. അജ്ഞാതര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ട് 63 ദിവസമായെന്നും കുറ്റവാളികള്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതാണ് ഇത്തരമൊരു ഭയാനകമായ സംഭവം പുറത്തറിയാതിരിക്കാന്‍ കാരണം. ഇക്കാര്യത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ വനിതാ ശിശു വികസന മന്ത്രി 76 ദിവസം കാത്തിരുന്നത് തികച്ചും മാപ്പര്‍ഹിക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരോ ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ഇതൊന്നുമറിഞ്ഞില്ലേ? എല്ലാം ശരിയാണെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴാണ് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കുക? മണിപ്പുര്‍ മുഖ്യമന്ത്രിയെ എപ്പോള്‍ മാറ്റും? ഇത്തരത്തിലുള്ള ഇനിയുമെത്ര സംഭവങ്ങളാണ് അടിച്ചമര്‍ത്തപ്പെട്ടത്? മണ്‍സൂണ്‍ സെഷന്‍ ഇന്ന് ആരംഭിക്കുമ്പോള്‍ പുതിയ കൂട്ടായ്മയായ 'ഇന്ത്യ' ഉത്തരം ആവശ്യപ്പെടുമെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു. സംഭവം മനുഷ്യത്വരഹിതവും അപലപനീയവുമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചു. അന്വേഷണം മുന്നോട്ടുപോവുകയാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തിനെതിരേയാണ് ആഞ്ഞടിച്ചത്. 'താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. മണിപ്പുര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കുക്കി സ്ത്രീകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണ്. ഭാരതത്തെ സ്‌നേഹിക്കുന്നതിനായി താങ്കള്‍ നിശ്ശബ്ദത അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു. മണിപ്പുരിലെ വനിതകള്‍ക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് ഞെട്ടിപ്പോയെന്ന്


ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഇനിയൊരിക്കലും ഇതുപോലൊരു ഭയാനകമായ കാര്യം ചെയ്യാന്‍ ആരും ചിന്തിക്കാത്ത വിധത്തിലുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഭവത്തെ അപലപിച്ചു.





Tags:    

Similar News