ദത്തെടുക്കല്‍ സംബന്ധിച്ച ഇസ്‌ലാമിക പണ്ഡിത അഭിപ്രായം: ദയൂബന്ദിന്റെ വെബ്‌സൈറ്റ് നിരോധിക്കണമെന്ന് എന്‍സിപിസിആര്‍
ദത്തെടുക്കല്‍ സംബന്ധിച്ച് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായം പരാമര്‍ശിക്കുന്ന ഫത്‌വ ഉന്നയിച്ചാണ് തികച്ചും നിയമവിരുദ്ധമായ നടപടിയുമായി കമ്മീഷന്‍ രംഗത്തെത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ പരിശോധിക്കണമെന്നും അതുവരെ വെബ്‌സൈറ്റ് നിരോധിക്കണമെന്നും എന്‍സിപിസിആര്‍ സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക മതവിദ്യാഭ്യാസ കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെ വെബ്‌സൈറ്റിനെ ലക്ഷ്യം വച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടി. ദയൂബന്ദിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചില ഇസ്‌ലാമിക ഫത്‌വകള്‍ നിയമവിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ആരോപിച്ചാണ് എന്‍സിപിസിആര്‍ (ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍) നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
ദത്തെടുക്കല്‍ സംബന്ധിച്ച് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായം പരാമര്‍ശിക്കുന്ന ഫത്‌വ ഉന്നയിച്ചാണ് തികച്ചും നിയമവിരുദ്ധമായ നടപടിയുമായി കമ്മീഷന്‍ രംഗത്തെത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ പരിശോധിക്കണമെന്നും അതുവരെ വെബ്‌സൈറ്റ് നിരോധിക്കണമെന്നും എന്‍സിപിസിആര്‍ സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു. അതേസമയം, അനാവശ്യ വിവാദങ്ങളിലൂടെ ഇസ്‌ലാമിക മതകേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്ന നടപടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തില്‍ ഇടപെട്ടതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയാണ് വെബ്‌സൈറ്റിനെതിരേ നടപടിക്ക് ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റിന് കമ്മീഷന്‍ കത്തയച്ചത്. ഇസ്‌ലാമിക വിധിവിലക്കുകള്‍ പ്രകാരം, ദത്തെടുക്കല്‍ നിയമവിരുദ്ധമല്ലെന്നും ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വന്തം കുട്ടിയുടേതിന് സമാനമായ സ്വത്തവകാശം ഉണ്ടായിരിക്കില്ലെന്നും പ്രായപൂര്‍ത്തിയായാല്‍ ഈ കുട്ടിയുമായി ശരീഅത്ത് പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കണമെന്നും പരാമര്‍ശിക്കുന്ന ഫത്‌വയാണ് നടപടിക്ക് ആധാരമാക്കിയത്.
ഇത്തരം ഫത്‌വകള്‍ രാജ്യത്തെ നിയമത്തെ തെറ്റിദ്ധരിപ്പിക്കുമെന്നും അവകാശങ്ങള്‍ ഹനിക്കുമെന്നും കമ്മീഷന്‍ അവകാശപ്പെട്ടു. 'പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഒരു വെബ്‌സൈറ്റില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ഉപദേശമായോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍, ഈ ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് സമഗ്രമായി പരിശോധിക്കാനും അന്വേഷിക്കാനും അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യാനും ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുന്നു'- എന്‍സിപിസിആര്‍ ഉത്തരവില്‍ സൂചിപ്പിച്ചു. നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന പ്രസ്താവനകള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതുവരെ വെബ്‌സൈറ്റ് നിരോധിക്കണമെന്നും പത്തു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ മജിസ്‌ട്രേറ്റിനോട് കല്‍പ്പിച്ചിട്ടുണ്ട്.
ചില പ്രത്യേക വിഷയങ്ങള്‍ വിവാദമാക്കി മദ്രസകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമിട്ടുള്ള മറ്റൊരു ഭരണകൂട ശ്രമമാണിതെന്ന് മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കി. പൈതൃകം, വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവ വ്യത്യസ്ത സമുദായങ്ങളുടെയും മതങ്ങളുടെയും അതാത് വ്യക്തിഗത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ നിയമത്തില്‍ പരിഗണിച്ചിട്ടുള്ളത്. ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ നിയമ നിലപാട് എന്‍സിപിസിആറിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാത്തതല്ല. എങ്കിലും ദത്തെടുക്കല്‍ സംബന്ധിച്ച ദയൂബന്ദിലെ പണ്ഡിത അഭിപ്രായത്തെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ സ്ഥാപനത്തെയും മുസ്‌ലിം സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്‌ഐഒ ആരോപിച്ചു.
'വ്യക്തിപരവും സാമൂഹിക ജീവിതവുമായ ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മതപണ്ഡിതരുടെ കാഴ്ചപ്പാടുകളാണ് ഫത്‌വകള്‍. വാസ്തവത്തില്‍ പല വിഷയങ്ങളിലും പണ്ഡിതന്മാര്‍ക്ക് പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവരില്‍ ആര്‍ക്കും നിയമപരമായ പവിത്രതയോ സ്ഥാപനപരമായ അംഗീകാരമോ ഇല്ല. മതത്തെക്കുറിച്ചുള്ള സ്വന്തം ധാരണയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വ്യക്തികള്‍ക്ക് പൂര്‍ണമായും സ്വാതന്ത്ര്യമുണ്ട്'- ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പ്രസ്താവനയില്‍ വിശദീകരിച്ചു.