'ഭാരത് ജോഡൊ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയമായി ദുരുപയോഗംചെയ്യുന്നു'; കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍
ന്യൂഡല്‍ഹി: ഭാരത് ജോഡൊ യാത്രയെ നിയമക്കുരുക്കിലാക്കാനൊരുങ്ങി ദേശീയ ശിശുക്ഷേമ സമിതി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന കന്യാകുമാരി-കശ്മീര്‍ ഭാരത് ജോഡൊ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയമായി ദുരുപയോഗംചെയ്യുന്നുവെന്നാണ് ദേശീയ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്(എന്‍സിപിസിആര്‍) തിരഞ്ഞെടുപ്പുകമ്മീഷന് എഴുതിയ പരാതിക്കത്തില്‍ പറയുന്നത്.
രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയ്‌ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. കുട്ടികളെ രാഷ്ട്രീയആയുധമാക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
'ഭാരത് ജോഡോ, ബച്ചേ ജോഡോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഷ്ട്രീയ അജണ്ടയുമായി കുട്ടികളെ ലക്ഷ്യമിട്ട് അവരെ പ്രചാരണത്തില്‍ പങ്കാളികളാക്കുന്ന അസ്വസ്ഥജനകമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമേ അംഗത്വം അനുവദിക്കാവൂ. കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്നത് പ്രാഥമി അന്വേഷണത്തില്‍ വ്യക്തമാണ്. ഇതുപോലെ ചെയ്യുന്നത് കുട്ടികളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാനസികാരോഗ്യത്തിന് ദോഷം ചെയ്യും- ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.