സ്ത്രീകള്‍ക്കുള്ള സന്ദര്‍ശനവിലക്ക് നീക്കി ദാറുല്‍ ഉലൂം; ശിരോവസ്ത്രം നിര്‍ബന്ധം, മൊബൈല്‍ ഫോണ്‍ പാടില്ല
കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍ക്കാണ് രണ്ടു മണിക്കൂര്‍ സമയത്തേക്ക് പാസ് അനുവദിക്കുക.
സഹരാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്ദ് സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശിരോവസ്ത്രം ധരിച്ചുവരുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും ഇനി അവിടെ പ്രവേശിക്കാം. സ്ഥാപനത്തിന് അകത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. എന്നാല്‍, ചില സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാതെ അകത്ത് കയറി റീലുകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മേയ് 17ന് വിലക്ക് കൊണ്ടുവന്നത്.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്നുവരുന്നവര്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് ഉപാധികളോടെ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ദാറുല്‍ ഉലൂം മീഡിയ ഇന്‍ ചാര്‍ജ് അഷ്‌റഫ് ഉസ്മാനി അറിയിച്ചു. ഇനി മുതല്‍ ഫോണ്‍ ഗെയിറ്റിന് സമീപം ഡെപോസിറ്റ് ചെയ്യേണ്ടി വരും. സന്ദര്‍ശകര്‍ക്ക് പ്രത്യേക പാസ് നല്‍കാന്‍ ഉള്ള സംവിധാനങ്ങളും രൂപീകരിച്ചു. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ബാധകമായിരിക്കും. പാസിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് ഐഡികാര്‍ഡോ കാണിക്കേണ്ടിയും വരും. വരുന്നയാളുടെ പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവയും നല്‍കേണ്ടി വരും. കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍ക്കാണ് രണ്ടു മണിക്കൂര്‍ സമയത്തേക്ക് പാസ് അനുവദിക്കുക. സന്ധ്യക്ക് ശേഷം സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും അഷ്‌റഫ് ഉസ്മാനി വിശദീകരിച്ചു.