ബിജെപിക്ക് വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ 18000ത്തോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍
ന്യൂഡല്‍ഹി: ബിജെപിക്കു വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ 18000ത്തോളം ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഓണ്‍ലൈനിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് സോഷ്യല്‍ മീഡിയ പോര്‍ട്ടലായ റെഡിറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദി പ്രിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ഗോരിതത്തിന്റെ സഹായത്തോടെ നടത്തിയ പഠനം വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള 4 ലക്ഷത്തോളം ട്വിറ്റര്‍ അക്കൗണ്ടുകളാണ് പരിശോധിച്ചതെന്ന് അര്‍ബന്‍നാസി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 1.2 ലക്ഷം കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളും 2.7 ലക്ഷം ബിജെപി അനുകൂല അക്കൗണ്ടുകളുമാണ് പരിശോധിച്ചത്. ഇതില്‍നിന്നാണ് 17,779 ബിജെപി അനുകൂല അക്കൗണ്ടുകള്‍ വ്യാജമാണെന്നു കണ്ടെത്തിയത്. കോണ്‍ഗ്രസ് അനുകൂല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവയാവട്ടെ 147 എണ്ണം മാത്രമാണ്. സോഫ്റ്റ് വെയര്‍ അനലിസ്റ്റ് സ്റ്റാര്‍ട്ട്അപ്പ് വഴിയാണ് പഠനം നടത്തിയതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റായ വിവരങ്ങള്‍ കൈമാറുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനായി ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളെ വേര്‍തിരിക്കുന്ന അല്‍ഗോരിതം രീതിയാണ് ആവിഷ്‌കരിച്ചത്.
നരേന്ദ്ര മോദിയെ പിന്തുടരുന്നു, അല്ലെങ്കില്‍ ഇന്ത്യ സിഎഎയെ പിന്തുണയ്ക്കുന്നു തുടങ്ങിയവ ട്വിറ്റര്‍ ബയോയില്‍ ഉള്‍പ്പെടുത്തിയവയാണ് ബിജെപി അനുകൂലമാണെന്നു തിരിച്ചറിയാന്‍ ഉപയോഗിച്ചത്. ചിലതാവട്ടെ ഏതെങ്കിലും ബിജെപി ഭാരവാഹിയുടെയോ മന്ത്രിയുടെയോ ഒറിജിനല്‍ അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നവയോ ആകെ റീട്വീറ്റ് ചെയ്തവയില്‍ 2 ശതമാനമെങ്കിലും ബിജെപി നേതാവിന്റെയോ മന്ത്രിയുടെയോ ഒറിജിനല്‍ അക്കൗണ്ടുകളിലെ ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്തവയോ ആണ്. ട്വിറ്റര്‍ ബയോയില്‍ 'ഐഎന്‍സി സപ്പോര്‍ട്ടര്‍' അല്ലെങ്കില്‍ 'ഞാന്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നു' എന്ന പരാമര്‍ശമുള്ളതോ ആകെ റീട്വീറ്റുകളില്‍ 2 ശതമാനമെങ്കിലും പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും നേതാക്കളുടെയോ ഒറിജിനല്‍ അക്കൗണ്ടുകളിലെ ട്വീറ്റുകളോ ഷെയര്‍ ചെയ്തവയാണെന്നതില്‍ നിന്നാണ് കോണ്‍ഗ്രസ് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ 3.9 ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകളാണ് ബിജെപിയെയോ കോണ്‍ഗ്രസിനെയോ പിന്തുണയ്ക്കുന്നതാണെന്നു കണ്ടെത്തി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. 2019 സപ്തംബര്‍ 19ന് ആരംഭിച്ച ഗവേഷണത്തിലെ കണ്ടെത്തലുകള്‍ 2020 ജനുവരി 25നാണ് പ്രസിദ്ധീകരിച്ചത്.
കൂടുതലായും ഇത്തരം അക്കൗണ്ടുകളില്‍നിന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഹാഷ് ടാഗുകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ജനുവരി 5 ന് രാത്രി ഡല്‍ഹി ജെഎന്‍യു കാംപസിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒരൂകൂട്ടം മുഖംമൂടി സംഘം ആക്രമിച്ചപ്പോള്‍, ബിജെപി അനുകൂല അക്കൗണ്ടായ @pandeymanishmzp ല്‍ നിന്ന് രാത്രി 10.30 ഓടെ #LeftAttacksJNU എന്ന ഹാഷ്ടാഗ് ഉപയോഗിക്കാന്‍ തുടങ്ങി. അര മണിക്കൂറിനുള്ളില്‍ 2.3 ലക്ഷത്തിലേറെ തവണയാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാല്‍വിയയും ഇതേ ഹാഷ് ടാഗ് ഉപയോഗിച്ചാണ് കുപ്രചാരണം നടത്തിയത്. 'ഇടതുപക്ഷ പിന്തുണയുള്ള വിദ്യാര്‍ഥി യൂനിയന്‍ എബിവിപി അംഗങ്ങളെ ലക്ഷ്യമിടുന്നു' എന്നാിയിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എബിവിപി സെക്രട്ടറി മനീഷ് ജംഗിദ് ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട് നടത്തുന്ന വീഡിയോയും അദ്ദേഹം പങ്ക് വച്ചിരുന്നു. ഈ ഡിയോ 40,000 ത്തോളം പേര്‍ കാണുകയും 3,000 തവണ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ശാഹീന്‍ ബാഗ് പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് സ്വകാര്യ സ്‌കൂളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല വ്യാജ അക്കൗണ്ടില്‍ നിന്നു പ്രചരിപ്പിച്ചത്. അജ്ഞാതന്റെ വീഡിയോ ഉള്‍പ്പെടെയുള്ള ട്വീറ്റ് 119 തവണയാണ് റീട്വീറ്റ് ചെയ്തത്. വീഡിയോ 1,200 പേര്‍ കണ്ടു. ഇത്തരത്തില്‍ ട്വിറ്ററിലൂടെ മാത്രം വന്‍ തോതില്‍ ബിജെപി അനുകൂലമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ നിന്നു വ്യക്തമാവുന്നത്. ഇന്ത്യയിലെ വ്യാജ വാര്‍ത്തകളെക്കുറിച്ചു 2018ല്‍ ബിബിസി നടത്തി പഠനത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബിജെപി വിരുദ്ധ അക്കൗണ്ടുകളേക്കാള്‍ പതിന്‍മടങ്ങ് ബിജെപി അനുകൂല അക്കൗണ്ടുകളാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ അനുകൂലിക്കുന്നില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കി. പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ തന്ത്രം സന്നദ്ധപ്രവര്‍ത്തകരെ ആശ്രയിച്ചുള്ളതാണെന്ന് ബിജെപിയുടെ ദേശീയ ഐടി, സോഷ്യല്‍ മീഡിയ പ്രചാരണ സമിതി അംഗം ഖേംചന്ദ് ശര്‍മ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ടുകളുള്ള സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണത്തിന് കൃത്യമായ നമ്പര്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ട്ടിക്ക് കുറഞ്ഞത് ഒരു ലക്ഷം സോഷ്യല്‍ മീഡിയ വോളന്റിയര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ കൈമാറി പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ നയമല്ല. ഞങ്ങള്‍ പോസിറ്റീവ് കാംപയിനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംഘടനയ്ക്ക് കാര്യമായൊന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ഞങ്ങള്‍ പ്രചരിപ്പിക്കാറില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സന്നദ്ധ ഉപയോക്താക്കളെ ആശ്രയിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു.