രാജ്യത്തെ അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി
ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിരുന്നതായും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാജ്യത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിലേക്കായി 3.60 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടന്നും കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ലോക്‌സഭയെ അറിയിച്ചു.
2024 ആകുമ്പോഴേക്കും രാജ്യത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം മറുപടി നല്‍കി. കടുത്ത ശുദ്ധ ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും അനുബന്ധ ആഴ്‌സനിക്, ഫ്‌ലൂറൈഡ് സാന്നിധ്യമുള്ള ജലം ലഭിക്കുന്ന ഗ്രാമങ്ങള്‍ക്ക് ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിരുന്നതായും മന്ത്രി പറഞ്ഞു.
കൂടാതെ ഗ്രാമീണ മേഖലയിലെ ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുന്നതിന് നാഷണല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോഗ്രാമിന്റെ കീഴില്‍ നാഷണല്‍ വാട്ടര്‍ ക്വാളിറ്റി സബ് മിഷനും നടപ്പിലാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.