നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Update: 2022-08-27 14:36 GMT

തിരുവനന്തപുരം: സെപ്തംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചത്.

ഈ മാസം 30 മുതൽ സെപ്തംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതാധികാര യോഗത്തിലായിരുന്നു തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നിരുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 2020ലും 2021ലും നെഹ്‌റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല. 2019 ആഗസ്ത് 31നാണ് ഏറ്റവും ഒടുവിൽ മൽസരം നടന്നത്. ഇടവേളയ്ക്കുശേഷം സെപ്തംബർ നാലിനു നടക്കുന്ന വള്ളംകളി കൂടുതൽ സമുചിതമായി നടത്താനാന് സംഘാടക സമിതിയുടെ തീരുമാനം.

Similar News