'പൊളിച്ചുമാറ്റുമ്പോള്‍ മത-ജാതി വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല'; നൂഹിലെ ബുള്‍ഡോസര്‍രാജിനെ ന്യായീകരിച്ച് പോലിസ്
ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിഎച്ച്പി റാലി അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കെട്ടിടങ്ങളും വീടുകളും തകര്‍ത്തതിനെ ന്യായീകരിച്ച് പോലിസിന്റെ സത്യവാങ്മൂലം. സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ നയം സ്വീകരിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നൂഹില്‍ ഇടിച്ചുനിരത്തല്‍ നടത്തിയതെന്നും ഡെപ്യൂട്ടി കമീഷണര്‍ ധീരേന്ദ്ര ഖഡ്ഗത കോടതിയെ അറിയിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലപാട് അറിയിച്ചത്.
നൂഹ് ജില്ലയില്‍ അനധികൃതമെന്ന് ആരോപിച്ച് മുസ്‌ലിംകളുടെ വീടുകളും കടകളും തകര്‍ക്കുന്നതായുള്ള മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി വിഷയത്തില്‍ ഇടപെട്ടത്. സ്വമേധയാ കേസെടുത്ത പഞ്ചാബ്-ഹരിയാന കോടതി ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ തടയുകയും സംസ്ഥാന ഭരണകൂടത്തോടെ വിശദീകരണം തേടുകയും ചെയ്തിരുന്നു. മാത്രമല്ല, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പൊളിക്കുന്നത് എന്താണെന്നും സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള വംശീയ ഉന്മൂലനമല്ലേ ഇതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഡെപ്യൂട്ടി കമീഷണര്‍ ധീരേന്ദ്ര ഖഡ്ഗത സംഭവങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്. എല്ലാ കൈയേറ്റക്കാരോടും ഒരേ നടപടിയാണ് സ്വീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സ്വതന്ത്ര തദ്ദേശ സ്ഥാപനങ്ങളുടെ പതിവ് നടപടിയാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ആകെ പൊളിച്ചുമാറ്റിയത് 443 കെട്ടിടങ്ങളാണ്. 354 കെട്ടിടങ്ങളില്‍ 71 ഹിന്ദുക്കളുടേതും 283 മുസ്‌ലിംകളുടേതുമാണെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച റാലിയാണ് അക്രമാസക്തമായത്. പശുക്കടത്ത് ആരോപിച്ച് ജുനൈദ്-നാസിര്‍ എന്നിവരെ ചുട്ടുകൊന്നത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ് പ്രതിയായ ബജ്‌റങ്ദള്‍ നേതാവ് റാലിയില്‍ പങ്കെടുക്കുന്നുവെന്നതറിഞ്ഞ് ഗുരുഗ്രാം നിവാസികള്‍ പോലിസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പള്ളി ഇമാമും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.