നൂഹില്‍ വിഎച്ച്പിയുടെ ശോഭയാത്ര; കനത്ത ജാഗ്രത; നിരോധനാജ്ഞ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

Update: 2023-08-28 04:22 GMT

ചണ്ഡീഗഢ്: വിഎച്ച്പി ശോഭയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നൂഹില്‍ കനത്ത ജാഗ്രതയോടെ പോലിസ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഒരു സ്ഥാപനവും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ജില്ല അതിര്‍ത്തികളില്‍ കര്‍ശനപരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല.

24 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും രണ്ടായിരത്തോളം പോലിസുകാരെയും നൂഹില്‍ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന നൂഹില്‍ ഇന്ന് രാത്രിവരെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

ഇതിനിടെ ജനങ്ങളോട് യാത്രയില്‍ പങ്കെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രംഗത്തെത്തി. ജനങ്ങള്‍ക്ക് തൊട്ടടുത്ത അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന നടത്താമെന്നും ഖട്ടാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തെ മാനിച്ച് അമ്പലങ്ങളില്‍ ജലാഭിഷേകം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഖട്ടാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബ്രജ് മണ്ഡല്‍ ശോഭായാത്രയുമായി മുന്നോട്ടുപോകുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയിരിക്കുന്നത്.

ജൂലൈ 31ന് നൂഹില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂഹില്‍ നിന്ന് വളരെ വേഗം ഗുര്‍ഗ്രാം അടക്കമുള്ള ഇടങ്ങളിലേക്ക് സംഘര്‍ഷം പടര്‍ന്നിരുന്നു.വിഎച്ച്പി സംഘടിപ്പിച്ച ശോഭായാത്രയില്‍ മോനു മനേസര്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് നൂഹിലെ സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചത്. ഭിവാനിയില്‍ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ കൊന്ന കേസില്‍ ഒളിവിലായിരുന്ന മോനു മനേസര്‍ സോഷ്യല്‍ മീഡിയയിലൂടെ ശോഭായാത്രയില്‍ പങ്കെടുക്കുമെന്ന് പ്രചരിക്കുകയായിരുന്നു.






Tags:    

Similar News