പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധം; രാഹുലിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂറ്റന്‍ റാലി
രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധ പ്രകടനം. 'ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാര്‍ലമെന്റില്‍ കേന്ദ്രം പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും നല്‍കിയിരുന്നില്ല.
ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ മാര്‍ച്ച്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എംപിമാരും കൂട്ടമായി പാര്‍ലമെന്റിന് മുന്നില്‍നിന്ന് വിജയ് ചൗക്കിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക നിയമം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയെ കൂടാതെ എന്‍സിപി നേതാവ് ശരത് പവാറും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ഉള്‍പ്പെടെയുള്ളവരും മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് കഴിഞ്ഞ് നേതാക്കള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ പോയി പരാതി നല്‍കി. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധ പ്രകടനം. 'ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാര്‍ലമെന്റില്‍ കേന്ദ്രം പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും നല്‍കിയിരുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്'.
പാര്‍ലമെന്റ് സെഷന്‍ അവസാനിച്ചിരിക്കുന്നു. എന്നാല്‍, 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പറയാന്‍ അവസരം ലഭിച്ചില്ല. ഇന്നലെ വനിതാ എംപിമാര്‍ക്ക് നേരെ നടന്ന കൈയേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണ്. രാജ്യസഭയില്‍ ആദ്യമായാണ് വനിതാ എംപിമാരെ മര്‍ദ്ദിക്കുന്നത്. ചെയര്‍മാനും സ്പീക്കറും പറയുന്നു, താന്‍ അസ്വസ്ഥനാണെന്ന്. പക്ഷേ, സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് അത് സാധിക്കുന്നില്ല. അവരുടെ ജോലി അവര്‍ ചെയ്യണം- രാഹുല്‍ പറഞ്ഞു.
ഈ നില്‍പ്പ് പാകിസ്താന്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നത് പോലെ തോന്നിപ്പിക്കുന്നുവെന്ന്- സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എംപിമാരെ ശാരീരികമായി ഉപദ്രവിക്കുന്നതിനെ പരാമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ലമെന്റില്‍ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല. വനിതാ എംപിമാര്‍ക്കെതിരായ ഇന്നലത്തെ സംഭവം ജനാധിപത്യത്തിനെതിരാണ്. ഞങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നതായി തോന്നി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വസ്തുതകള്‍ പരിശോധിക്കാമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
അടുത്തിടെയായി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ അസാധാരണമായ വിധം ഒരു ഐക്യനിര പ്രതിപക്ഷത്ത് രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരേ സംയുക്ത പ്രതിഷേധ മാര്‍ച്ചുണ്ടായിരിക്കുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുന്ന സമയത്ത് മാര്‍ഷലുകളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞുവെന്ന വിഷയമാണ് ഇപ്പോള്‍ പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ജൂലൈ 19ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം പല ദിവസങ്ങളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തടസ്സപ്പെടുകയും ഇന്നലെ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയുമായിരുന്നു.