എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി
ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ജനാധിപത്യ പ്രക്രിയകള്‍ കൊണ്ടു പോകേണ്ടത് ഈ രീതിയില്‍ അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ ചോദ്യങ്ങളുയര്‍ത്താന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടാഴ്ചയായി എംപിമാരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ തെറ്റ് ചെയ്തിട്ടില്ല. ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കുന്നതിനെതിരെയാണ് എംപിമാര്‍ പ്രതിഷേധിച്ചത്.
ജനാധിപത്യ പ്രക്രിയകള്‍ കൊണ്ടു പോകേണ്ടത് ഈ രീതിയില്‍ അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ മാപ്പ് പറയണമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. മാപ്പ് പറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റില്‍ വ്യക്തമാക്കി. ആഗസ്ത് 11 നു പൊതു ഇന്‍ഷൂറന്‍സ് ബിസിനസ് ഭേദഗതി ബില്ല് പാസാക്കുന്നതിനിടെ രാജ്യസഭയുടെ നടത്തളത്തിലിറങ്ങി ബഹളംവച്ചതിനാണ് സ്പീക്കര്‍ വെങ്കയ്യ നായിഡു 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്തത്.