കശ്മീര്‍ വിഷയം: ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഒഐസി പ്രമേയം; തിരിച്ചടിച്ച് ഇന്ത്യ

ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ പുറത്തുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു

Update: 2019-03-03 01:21 GMT

അബൂദബി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓപറേഷന്‍) സമ്മേളനത്തില്‍ പ്രമേയം. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്ത 57 രാജ്യങ്ങളും ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ കശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണു നടത്തുന്നതെന്നു വിമര്‍ശിക്കുന്നു. നിരപരാധികളായ കശ്മീരികള്‍ക്കു മേല്‍ ഇന്ത്യ ഭരണകൂട ഭീകരത പ്രയോഗിക്കുകയാണെന്നും മേഖലയില്‍ നടക്കുന്നത് ഇന്ത്യന്‍ ഭീകരതയാണെന്നും ജമ്മു കശ്മീരില്‍ കാണാതാവുന്ന യുവാക്കളെക്കുറിച്ച് പിന്നീടാര്‍ക്കും അറിവില്ലെന്നുമെല്ലാം പ്രമേയത്തിലുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിശിഷ്ടാതിഥിയായി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ തൊട്ടുപിറ്റേന്നാണ് ഇന്ത്യയ്‌ക്കെതിരായ പ്രമേയം പാസാക്കിയത്. സമ്മേളനത്തില്‍ സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും അതിന് മതവുമായി ബന്ധമില്ലെന്നും പറഞ്ഞിരുന്നു. അല്ലാഹുവിന്റെ 99 നാമത്തില്‍ ഒന്നിനും അക്രമവുമായി ബന്ധപ്പെടുത്തുന്നവയില്ലെന്നും ഇസ് ലാം സമാധാനമാണെന്നുമായിരുന്നു സുഷമയുടെ പ്രസംഗം. അതിനിടെ, സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ ഒഐസി പ്രമേയത്തിനെതിരേ അതേഭാഷയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.സുഷമാ സ്വരാജിനെ പ്രത്യേക അതിഥിയായി സ്വാഗതം ചെയ്തതില്‍ നന്ദിയുണ്ടെന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ പുറത്തുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.




Tags:    

Similar News