ഒഐസി സമ്മേളനത്തില്‍ കശ്മീര്‍ വിഷയം വീണ്ടുമുയര്‍ത്തി പാകിസ്താന്‍
'തങ്ങള്‍ ഫലസ്തീനികളെയും കശ്മീരികളേയും ഒരുപോലെ പരാജയപ്പെടുത്തി. തങ്ങള്‍ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയാന്‍ തനിക്ക് സങ്കടമുണ്ടെന്നും' ഒഐസിയെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമാബാദ്: പാക് ഇസ്‌ലാമാബാദില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തി പാകിസ്താന്‍. കശ്മീര്‍ വിഷയത്തില്‍ 57 അംഗ സംഘടനയ്ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവെ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.
'തങ്ങള്‍ ഫലസ്തീനികളെയും കശ്മീരികളേയും ഒരുപോലെ പരാജയപ്പെടുത്തി. തങ്ങള്‍ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയാന്‍ തനിക്ക് സങ്കടമുണ്ടെന്നും' ഒഐസിയെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു.
'പാശ്ചാത്യ രാജ്യങ്ങള്‍ ഒഐസിയെ ഗൗരവമായി എടുത്തിട്ടില്ല. കാരണം 'തങ്ങള്‍ ഒരു വിഭജിത ഭവനമാണ്, ആ ശക്തികള്‍ക്ക് അത് അറിയാം'-ഖാന്‍ പറഞ്ഞു.'തങ്ങള്‍ (മുസ്ലിംകള്‍) 1.5 ബില്യണ്‍ ആളുകളുണ്ട്, എന്നിട്ടും ഈ നഗ്‌നമായ അനീതി തടയാനുള്ള നമ്മുടെ ശബ്ദം നിസ്സാരമാണ്.
അന്താരാഷ്ട്ര നിയമം ഫലസ്തീനിലെയും കശ്മീരിലെയും ജനങ്ങളുടെ പക്ഷത്താണ്. യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ ജനഹിതപരിശോധനയിലൂടെ കശ്മീരികളുടെ സ്വയം നിര്‍ണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, ഈ അവകാശം നല്‍കുമെന്ന് അന്താരാഷ്ട്ര സമൂഹം ഒരിക്കലും ഉറപ്പ് നല്‍കിയിട്ടില്ല'- അദ്ദേഹം പറഞ്ഞു. അവര്‍ക്ക് (ഇന്ത്യ) സമ്മര്‍ദ്ദമൊന്നും അനുഭവപ്പെടാത്തതിനാല്‍ ഒന്നും സംഭവിച്ചില്ല. 2019 ആഗസ്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള ഇന്ത്യയുടെ നീക്കത്തെ പരാമര്‍ശിച്ച് ഖാന്‍ പറഞ്ഞു.
മുസ്‌ലിം രാജ്യങ്ങള്‍ അവരുടെ വിദേശ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ 'നമുക്ക് (പ്രധാന വിഷയങ്ങളില്‍) ഒരു ഐക്യമുന്നണി ഇല്ലെങ്കില്‍ ഈ ദുരുപയോഗങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും' ഖാന്‍ മുന്നറിയിപ്പ് നല്‍കി.
'തങ്ങള്‍ക്ക് ഒരു പ്രമേയം പാസാക്കാമെന്നും തുടര്‍ന്ന് ഞങ്ങളുടെ സാധാരണ കാര്യങ്ങളിലേക്ക് മടങ്ങാമെന്നും അവര്‍ കരുതുന്നു. കാതലായ വിഷയങ്ങളില്‍ ഒഐസി ഒന്നിച്ചില്ലെങ്കില്‍, പലസ്തീനിലെ പകല്‍ കൊള്ള' പോലെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'സോഷ്യല്‍ മീഡിയ കാരണം ആദ്യമായി പാശ്ചാത്യ രാജ്യങ്ങളില്‍ ബോധവല്‍ക്കരണം ഉണ്ടാകുന്നു എന്നതാണ് തനിക്കുള്ള ഏക പ്രതീക്ഷ. ഫലസ്തീനികളോട് ചെയ്യുന്ന അനീതികള്‍ ഒഐസിയെക്കാള്‍ കൂടുതല്‍,മൊബൈല്‍ ഫോണുകള്‍ പ്രചരിപ്പിക്കുന്നു. ഇപ്പോള്‍, അതാണ് അവരെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, തങ്ങളല്ല-ഖാന്‍ പറഞ്ഞു.
പുറത്തുനിന്ന് കുടിയേറ്റക്കാരെ കൊണ്ടുവന്ന് ഇന്ത്യ കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റി മറിക്കുകയാണെന്നും ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കി മാറ്റുകയാണെന്നും ഇത് യുദ്ധകുറ്റപരിധിയില്‍ വരുന്നതാണെന്നും ഖാന്‍ പറഞ്ഞു.
ഒഐസി സെഷനില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ഒഐസി സെക്രട്ടറി ജനറല്‍ ഹിസ്സൈന്‍ ബ്രാഹിം താഹ, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ അല്‍ ജാസര്‍ തുടങ്ങിയവരും പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.