രാമനവമി നാളിലെ മുസ് ലിം വിരുദ്ധ ആക്രമണത്തെ അപലപിച്ച് ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ്
ജിദ്ദ: രാമനവമി ആഘോഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ മുസ് ലിം വിരുദ്ധ ആക്രമണത്തെ അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ ഓപറേഷന്റെ(ഒഐസി) ജനറല്‍ സെക്രട്ടേറിയറ്റ്. രാമനവമി ഘോഷയാത്രയ്ക്കിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ് ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നടന്നതില്‍ യോഗം ആശങ്ക അറിയിച്ചു. ബീഹാര്‍ ഷെരീഫില്‍ തീവ്ര ഹിന്ദുത്വ സംഘം മദ്‌റസയും ലൈബ്രറിയും കത്തിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ജനറല്‍ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. വര്‍ധിച്ചുവരുന്ന ഇസ് ലാമോഫോബിയയുടെയും ഇന്ത്യയിലെ മുസ് ലിം സമൂഹത്തെ വ്യവസ്ഥാപിതമായി ലക്ഷ്യം വയ്ക്കുന്നതിന്റെയും വ്യക്തമായ ഇത്തരം പ്രകോപനപരമായ അക്രമ പ്രവര്‍ത്തനങ്ങളെയും നശീകരണ പ്രവര്‍ത്തനങ്ങളെയും ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാനും രാജ്യത്തെ മുസ് ലിം സമുദായത്തിന്റെ സുരക്ഷ, അവകാശങ്ങള്‍, അന്തസ്സ് എന്നിവ ഉറപ്പുവരുത്താനും ഇന്ത്യന്‍ അധികാരികളോട് ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു