ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം: വിവാഹബന്ധം ഉപേക്ഷിക്കാന്‍ ആഹ്വാനം
മനോരമയും മുത്തൂറ്റും ബഹിഷ്‌കരിക്കണമെന്നും അറിയിപ്പ്
എറണാകുളം: പിറവം ഉള്‍പ്പെടെയുള്ള പള്ളികള്‍ സംബന്ധിച്ച തര്‍ക്കം രൂക്ഷമാവുകയും സുപ്രിംകോടതി വിധി നടപ്പാക്കുകയും ചെയ്തതിനു പിന്നാലെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം രംഗത്ത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും വിവാഹബന്ധം ഉപേക്ഷിക്കണമെന്നും പുത്തന്‍കുരിശിലെ യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ആസ്ഥാനത്തുനിന്നുള്ള അറിയിപ്പില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അന്ത്യേഖ്യന്‍ വിശ്വാസികള്‍ രാജിവയ്ക്കണം. മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തില്‍നിന്നുള്ള യാക്കോബായ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം. അതോടൊപ്പം ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാര്‍ ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവണം. വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം.ഇവരെ വച്ച് കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ നമുക്ക് സാധിക്കും. ഇനിയും ഇത് മാത്രമാണ് മാര്‍ഗ്ഗം.
യാക്കോബായ സഭ അത്യന്തം കലുഷിത കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് എന്നുപറഞ്ഞ് തുടങ്ങുന്ന അറിയിപ്പില്‍ ഏകദേശം മൂന്നര ലക്ഷത്തോളം യാക്കോബായ വിശ്വാസികള്‍ മുന്‍ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വേദന അനുഭവിക്കുകയാണെന്നു പറയുന്നു. സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ച വിധി നമുക്കിനി മറികടക്കാനാവില്ല. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞതുപോലെ നമ്മള്‍ നഷ്ടപ്പെട്ട പള്ളികളുടെ സ്ഥാനത്ത് പുതിയ പള്ളികള്‍ വച്ച് മാറാനാണു തീരുമാനം. അതായത് ഇടവകകള്‍ സഭ ഏറ്റെടുക്കണം. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശം നിങ്ങള്‍ എല്ലാം കേട്ടുകാണുമല്ലോ. ആയതിനാല്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഒക്ടോബര്‍ ഒന്നിനു പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മീഡിയാസെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഒപ്പും സീലുമടങ്ങിയ അറിയിപ്പ് ഔദ്യോഗിക ലെറ്റര്‍ പാഡിലാണുള്ളത്.