കൊവിഡ് രണ്ടാം തരംഗ ഭീതി: ബെയ്ജിങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ബുധനാഴ്ച നഗരത്തില്‍ 31 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന് ഗതാഗത നിയന്ത്രണവും കൊണ്ടുവന്നിട്ടുണ്ട്.

Update: 2020-06-17 06:58 GMT

ബെയ്ജിങ്: പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. ബെയ്ജിങ്ങില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ 70 ശതമാനത്തോളം വരും ഇത്. ചൈനീസ് തലസ്ഥാനത്തെ സ്‌കൂളുകളും ബുധനാഴ്ച വീണ്ടും അടച്ചിട്ടുണ്ട്. ബുധനാഴ്ച നഗരത്തില്‍ 31 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന് ഗതാഗത നിയന്ത്രണവും കൊണ്ടുവന്നിട്ടുണ്ട്.

ചൈനയില്‍ വീണ്ടും വൈറസ് വ്യാപനമുണ്ടാവുമെന്ന ഭയത്തെതുടര്‍ന്ന് ബെയ്ജിങ് നിവാസികളോട് പുറത്ത് പോവരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബെയ്ജിങില്‍ ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈറസ് വ്യാപനം നടന്നതെന്നാണ് സൂചന. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ആദ്യ ഘട്ടത്തിലെ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചു.

ബെയ്ജിങ്ങില്‍നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുകയാണ് അധികൃതര്‍. നഗരത്തിലെ 11 മാര്‍ക്കറ്റുകള്‍ അടച്ചു. ഭക്ഷണ വില്‍പനശാലകള്‍ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് 137 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നഗരത്തില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ബെയ്ജിങിനെ കൂടാതെ അയല്‍ പ്രവിശ്യയായ ഹെബിയിലും സിജിയാങ്ങിലും പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.




Tags:    

Similar News