സൗന്ദര്യ കിരീടം രണ്ടു മക്കളുടെ അമ്മയായ 54 കാരിക്ക്
നിരവധി ഏജന്‍സികളുടെ മോഡലിങിനുള്ള അവസരങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും കരോലിന്‍ പറഞ്ഞു
ബെയ്ജിങ്: ചൈനയില്‍ നടന്ന ബെയ്ജിങ് സൗന്ദര്യ പ്രകടന മല്‍സരത്തില്‍ ജേതാവായത് രണ്ടു മക്കളുടെ മാതാവായ 54കാരിക്ക്. ദുബയ് ആസ്ഥാനമായുള്ള സ്‌കൂളില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന കരോലിന്‍ ലാബോഷറെയാണ് മിസ് ടൂറിസം ഇന്റര്‍നാഷനല്‍ ഗോള്‍ഡന്‍ ഏജ് സൗന്ദര്യ കിരീടം നേടിയത്. 20 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മല്‍സരത്തിലാണ് കരോലിന്റെ സൗന്ദര്യ ബോധത്തിന് അംഗീകാരം ലഭിച്ചത്. അവസാന നിമിഷമാണ് മല്‍സരത്തിന് തയ്യാറെടുത്തതെന്നും അംബാസിഡര്‍ എന്ന നിലയില്‍ എന്റെ ശബ്ദം തന്നെ പോലുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും കരോലിന്‍ പറഞ്ഞു. 50 മുതല്‍ 70 വയസ്സ് വരെയുള്ള അമ്മമാരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നുണ്ട്. എട്ടുവര്‍ഷം മുമ്പാണ് കരോലിന്‍ ദുബയിലെത്തിയത്. എന്നാല്‍ മാസങ്ങള്‍ക്കകം തന്റെ ജോലി ഉപേക്ഷിച്ച് മോഡലിങ് രംഗത്തേക്ക് ചുവടുവച്ചു. ഇപ്പോള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും യുഎഇയിലുമെല്ലാം മോഡലാവുന്നുണ്ട്. ''എനിക്ക് ഇപ്പോള്‍ 54 വയസ്സായി. എന്നിട്ടും നിരവധി അവസരങ്ങളാണുള്ളത്. എല്ലാ ദിവസവും ഞാന്‍ സ്വയം സൗന്ദര്യം വര്‍ധിപ്പിക്കും. എന്റെ രൂപം, ആരോഗ്യം, കായികക്ഷമത എന്നിവയെല്ലാം ഇഷ്ടപ്പെടുന്നത് ഒരു വെല്ലുവിളിയായാണ് ഞാന്‍ ഏറ്റെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. നിരവധി ഏജന്‍സികളുടെ മോഡലിങിനുള്ള അവസരങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും കരോലിന്‍ പറഞ്ഞു.