EXCLUSIVE: മുൻഗണനാ ക്രമം കാറ്റിൽപ്പറത്തി ഗുജറാത്ത് ഐഐടിയിൽ വിദ്യാർഥികൾക്ക് വാക്സിനേഷൻ
വാക്സിൻ ദൗർലഭ്യം കാരണം 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ പല സംസ്ഥാനങ്ങളിലും മുടങ്ങിക്കിടക്കുമ്പോഴാണ് മുൻഗണനാ ക്രമം കാറ്റിൽപ്പറത്തിയുള്ള ഗുജറാത്ത് സർക്കാരിന്റെ നീക്കം പുറത്തുവരുന്നത്.
ഗാന്ധിനഗർ: കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കേ മുൻഗണനാ ക്രമം കാറ്റിൽപ്പറത്തി ഗുജറാത്ത് ഐഐടിയിൽ വിദ്യാർഥികൾക്ക് വാക്സിനേഷൻ. ഗുജറാത്തിലെ ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 940ലധികം വിദ്യാർഥികൾക്കാണ് ഏപ്രിൽ ആദ്യവാരം വാക്സിനേഷൻ നൽകിയത്. നിലവിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ഇന്ത്യൻ സർക്കാർ നിർദേശിച്ച പ്രായപരിധിയിക്ക് പുറത്തുള്ളവർക്കാണ് വാക്സിനേഷൻ നൽകിയതെന്ന് വിദ്യാർഥികൾ തേജസ് ന്യൂസിനോട് പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ 45 വയസ്സിന് മുകളിലുള്ളവർക്കാണ് കൊവിഡ് വാക്സിനേഷൻ നൽകുന്നത്. വാക്സിൻ ദൗർലഭ്യം കാരണം 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ പല സംസ്ഥാനങ്ങളിലും മുടങ്ങിക്കിടക്കുമ്പോഴാണ് മുൻഗണനാ ക്രമം കാറ്റിൽപ്പറത്തിയുള്ള ഗുജറാത്ത് സർക്കാരിന്റെ നീക്കം പുറത്തുവരുന്നത്. ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയോളം റിപോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ 25 വയസും അതിൽ കൂടുതലുമുള്ളവർക്ക് കുത്തിവയ്പ് നൽകാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഈ ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നു.
ഗാന്ധിനഗർ ഐഐടിയിൽ വാക്സിനേഷൻ ലഭിച്ച 1800 പേരിൽ 940 ലധികം വിദ്യാർഥികളും അധ്യാപകരും നാൽപത് വയസിന് താഴെയാണ്. വാക്സിൻ ദൗർലഭ്യം ചർച്ചയായി ഉയർന്നുവന്ന സമയത്ത് തന്നെയാണ് ഈ ദുരുപയോഗം എന്നത് ശ്രദ്ധേയമാണ്. മാർച്ച് 31, ഏപ്രിൽ1, ഏപ്രിൽ 2 തീയതികളിലാണ് ഇവിടെ ഒന്നാംഘട്ട വാക്സിനേഷൻ നടന്നതെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത വിദ്യാർഥികളും അധ്യാപകരും തേജസ് ന്യൂസിനോട് പറഞ്ഞു.
"ക്യാംപസിലെ സ്ഥിതി വളരെ ഗുരുതരമായിരുന്നു. ക്യാംപസിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായപ്പോൾ മോശപ്പെട്ട പ്രതികരണമാണ് മാനേജ്മെന്റിൽ നിന്നുണ്ടായത്. ധാരാളം വിദ്യാർഥികൾ ഇതിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഞങ്ങൾ ഒരു തടങ്കൽ പാളയത്തിനുള്ളിലാണ് താമസിക്കുന്നതെന്നാണ് ആ സമയത്ത് ഞങ്ങൾക്ക് തോന്നിയത്. അതിനാൽ വാക്സിനേഷൻ സംബന്ധിച്ച അറിയിപ്പ് വന്നപ്പോൾ ഞങ്ങൾ വിചാരിച്ചു നിയമപരമായ പ്രക്രിയയിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിനെ എങ്ങനെയെങ്കിലും പ്രായപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടാകുമെന്ന്. ഈ വാക്സിനേഷൻ നിയമവിരുദ്ധമാണോ എന്ന് അന്വേഷിക്കാൻ ഞങ്ങൾ താൽക്കാലികമായി തുനിഞ്ഞില്ല. മറ്റ് മാർഗങ്ങളില്ലാത്തതുപോലെയായിരുന്നു ആ സമയത്ത് നമ്മൾ കടന്നുപോയത്. " ഋഷികേശ് (പ്രതീകാത്മക പേര്) എന്ന മൂന്നാംവർഷ വിദ്യാർത്ഥി തേജസ് ന്യൂസിനോട് പറഞ്ഞു.
"മുൻഗണനാ ക്രമം അട്ടിമറിച്ചുകൊണ്ടുള്ള വാക്സിനേഷനാണെന്ന് അറിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ വിദ്യാർഥികൾ ആരും തന്നെ പ്രതികരിച്ചില്ല. എന്റെ കാര്യത്തിലെങ്കിലും മുൻഗണനാ ക്രമം എത്രമാത്രം കർശനമാണെന്ന് എനിക്കറിയില്ലായിരുന്നു, മാത്രമല്ല ഐഐടി അധ്കൃതർ ആവശ്യമായ അനുമതികൾ നേടിയെന്ന് വിശ്വസിക്കുകയും ചെയ്തു." ഹേമന്ദ് (പ്രതീകാത്മക പേര്) എന്ന ബിരുദാനന്തര ബിരുദ വിദ്യാർഥി പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും, അനധ്യാപകർക്കും പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിരസിച്ചിരുന്നു. എന്നിട്ടും ഗാന്ധിനഗർ ഐഐടിയിൽ മാത്രമായി വാക്സിനേഷൻ നൽകിയതിന്റെ കാരണം വ്യക്തമല്ല.
വാക്സിനേഷനുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകുന്ന ഇ മെയിൽ സ്ഥാപന അധികൃതരിൽ നിന്ന് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. ഇതിലെ വിവരപ്രകാരം കൊവിഷീൽഡ് വാക്സിനാണ് വിദ്യാർഥികൾക്ക് നൽകിയതെന്ന് വ്യക്തമാണ്. ക്യാംപസിന് പുറത്ത് താമസിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും വരെ വാക്സിൻ നൽകിയെന്നാണ് വിദ്യാർഥികളിൽ ചിലർ വെളിപ്പെടുത്തിയത്.
ഗാന്ധിനഗർ മുനിസിപ്പൽ കോർപറേഷൻ വഴിയാണ് ഐഐടിയിലേക്കുള്ള വാക്സിൻ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. വാക്സിനേഷൻ ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തരുതെന്ന് വിദ്യാർഥികൾക്ക് പ്രത്യേകമായി വാക്കാലുള്ള നിർദേശം അധികൃതരിൽ നിന്ന് ലഭിച്ചതിനാൽ വിവരങ്ങൾ തുറന്നുപറയാൻ കൂടുതൽ പേർ തയ്യാറായില്ല. മാർച്ച് 27 ന് 25 വിദ്യാർഥികൾക്ക് ഐഐടിയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.