കശ്മീര്‍: ഇന്ത്യക്കെതിരേ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം.

Update: 2019-08-20 14:57 GMT

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ 'അറീ' ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം. കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്റെ നിലപാടിനോടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പിന്തുണ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി മാര്‍ക് എസ്പര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തി.

മൂന്നാമതൊരാളില്ലാതെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മാത്രമേ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ചര്‍ച്ച നടക്കണമെങ്കില്‍ അതിര്‍ത്തി കടന്ന് പാകിസ്താന്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും ജമ്മു കശ്മീര്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിനും സമമെന്നും രാജ്‌നാഥ് സിംഗ് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News