അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍

ഇന്ന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇംറാന്റെ നിര്‍ണായക പ്രഖ്യാപനം.

Update: 2019-02-28 11:24 GMT

ഇസ്ലാമാബാദ്: പാക് പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍. കഴിഞ്ഞ ദിവസം പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് അറിയിച്ചത്. ഇന്ന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇംറാന്റെ നിര്‍ണായക പ്രഖ്യാപനം. സമാധാന സന്ദേശമാണ് അഭിനന്ദിനെ വിട്ടയക്കുന്നതിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്നും പാര്‍ലമെന്റിലെ ഹര്‍ഷാരവങ്ങള്‍ക്കിടെ ഇംറാന്‍ വ്യക്തമാക്കി.

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കുന്നതിന് സന്നദ്ധമാണെന്ന് കുറച്ച് മുമ്പ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിനായി അതിര്‍ത്തിയിലെ സ്ഥിതി ആദ്യം മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉടന്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ മുഖേന സംസാരിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഖുറേഷി പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

അതേസമയം, പാകിസ്താന്റെ പിടികൂടിയ വ്യോമസേന പൈലറ്റിനെ ഉപയോഗിച്ച് ഒരുവിധ വിലപേശലിനും ഒരുക്കമല്ലെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ ഉടന്‍ വിട്ടയക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടമ്പടി അനുസരിച്ച് വിട്ടയക്കണമെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. യാതൊരു ഉപാധിക്കും ഇന്ത്യ തയ്യാറാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News