പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നു. പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈറി (44) നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ ആര്‍എസ്എസ് സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാലക്കാട് കസബ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.