ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കഴിഞ്ഞ ദിവസം 1.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Update: 2020-06-20 05:49 GMT

ജനീവ: ലോകമെമ്പാടും വൈറസ് അനിയന്ത്രിതമായി പടരുന്നതുമൂലം ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 1.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ തുടരേണ്ടതുണ്ട്. പലരും വീട്ടിലിരുന്ന് മടുത്തു. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് വിടാന്‍ ആഗ്രഹിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.

വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറയുന്നു. അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരില്‍ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നാലു രാജ്യങ്ങള്‍ യുഎസും ബ്രസീലും റഷ്യയും ഇന്ത്യയുമാണ്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് യുഎസിലാണ്. ഇതുവരെ 22,97,190 പോസിറ്റീവ് കേസുകളും 1,21,407 മരണങ്ങളുമാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാമതുള്ള ബ്രസീലില്‍

1,038,568 കേസുകളും 49,090 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. റഷ്യയിലാവട്ടെ 5,69,063 കേസുകളും 7,841 മരണങ്ങളുമാണ് ഉണ്ടായത്. ഇന്ത്യയില്‍ ഇന്ത്യയും 3,95,812 കേസുകളും 12,970 മരണങ്ങളുമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Tags:    

Similar News