പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിനു ജാമ്യം, എന്‍ഐഎ വാദം തള്ളി സുപ്രിംകോടതി

കേസില്‍ അലന്‍ ഷുഹൈബിനു ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും സുപ്രിം കോടതി തള്ളിയിട്ടുണ്ട്.

Update: 2021-10-28 05:43 GMT

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിനു ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജാമ്യം നല്‍കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ താഹ ഫസല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി.

കേരളത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയ പന്തീരാങ്കാവ് മാവോവാദി കേസില്‍ സുപ്രിംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും നേരത്തേ വാദം പൂര്‍ത്തിയായിരുന്നു.

കേസില്‍ അലന്‍ ഷുഹൈബിനു ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും സുപ്രിം കോടതി തള്ളിയിട്ടുണ്ട്. കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി.

പ്രായം, മാനസിക നില, രോഗം, വിദ്യാര്‍ഥി എന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാവോവാദി ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Tags:    

Similar News