'നിരോധിക്കപ്പെടാത്ത സംഘടനയുടെ 'ജിഹാദിയോഗ'ത്തില്‍ പങ്കെടുക്കുന്നത് ഭീകരപ്രവര്‍ത്തനമല്ല'; അല്‍ഹിന്ദ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കി കര്‍ണാടക ഹൈക്കോടതിയുടെ ചരിത്രവിധി

Update: 2022-04-27 11:22 GMT

ബെംഗളൂരു: സര്‍ക്കാര്‍ നിയമംമൂലം നിരോധിക്കാത്ത ഒരു സംഘടനയുടെ 'ജിഹാദിയോഗ'ത്തില്‍ പങ്കെടുക്കുന്നത് പ്രഥമദൃഷ്ട്യാ ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. 'ജിഹാദി'യോഗത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് കര്‍ണാടക പോലിസ് ചുമത്തിയ കേസില്‍ അല്‍ ഹിന്ദ് ഗ്രൂപ്പിലെ അംഗത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് എസ് രാച്ചയ്യ തുടങ്ങിയവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഒരു യോഗത്തില്‍ പങ്കെടുത്തുവെന്നതുകൊണ്ടുമാത്രം കുറ്റവാളിയാവില്ലെന്നും ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് വിവിധ തരത്തിലുള്ള തെളിവ് ഹാജരാക്കാന്‍ കഴിയണമെന്നും കോടതി നിരീക്ഷിച്ചു.

യുഎപിഎ നിയമപ്രകാരം നിരോധിക്കാത്ത ഒരു സംഘടന നടത്തിയ ('ജിഹാദി') യോഗത്തില്‍ പങ്കെടുക്കുന്നതോ പരിശീലനസാമഗ്രികള്‍ വാങ്ങുന്നതോ സഹപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതോ യുഎപിഎയുടെ 2(കെ), 2(എം) വകുപ്പുകള്‍പ്രകാരം കുറ്റത്യമല്ലെന്നും ഉത്തരവില്‍ പറയുന്നു.

അല്‍ ഹിന്ദ് ഗ്രൂപ്പ് അംഗം സലീം ഖാനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസില്‍ പതിനൊന്നാം പ്രതിയാണ് ഇയാള്‍. ഇതേ കേസില്‍ മറ്റൊരു പ്രതിയായ മുഹമ്മദ് സെയ്ദിന് കോടതി ജാമ്യം നിഷേധിച്ചു. 20ാം പ്രതിയായ ഇയാള്‍ ഒരു ഭീകരവാദ സംഘടനയില്‍ അംഗമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതാണ് കോടതി കാരണമായി ചൂണ്ടിക്കാട്ടിയത്. കൂടാതെ മറ്റുള്ളവരുമായി ചേര്‍ന്ന് ഗുഢാലോചന നടത്തിയെന്നും ഡാര്‍ക്ക് വെബ് വഴി ഐഎസ്‌ഐഎസുമായി ആശയവിനിമയം നടത്തിയെന്നും ഒന്നാം പ്രതി മെഹ്ബൂബ് പാഷയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയെന്നും അതുകൊണ്ട് ജാമ്യം നല്‍കാനോ ശിക്ഷയില്‍ ഇളവ് നല്‍കാനോ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2020 ജനുവരി 10ന് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലിസ് മൈക്കോ ലേഔട്ട് സബ് ഡിവിഷനിലെ സുദ്ദഗുന്റെപാളയ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏതാനും പേര്‍ക്കെതിരേ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജിഹാദി യോഗത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

2020 ജനുവരി 23ന് എന്‍ഐഎ കേസ് ഏറ്റെടുത്തു, പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 2020 ജനുവരിയിലാണ് ഖാനും സെയ്ദും അറസ്റ്റിലായത്. ജൂലൈ 13ന് അന്വേഷണോദ്യോഗസ്ഥന്‍ ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎക്കു പുറമെ ഐപിസിയുടെ 120ബി, ആയുധനിയമം 25(1ബി), 18, 18ഏ, 18ബി, 19,20, 38, 39 എന്നീ വകുപ്പുകളും ചുമത്തി. ഇവര്‍ ജാമ്യത്തിനുവേണ്ടി എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഖാനും സെയ്ദും നിരോധിത സംഘടനയല്ലാത്ത അല്‍ ഹിന്ദ് ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും അതൊരു ഭീകര സംഘടനയെല്ലെന്നുമാണ് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്. എഫ്‌ഐആര്‍ ചുമത്തിയ ആറു മാസക്കാലം അതായത് 2019 ജൂണ്‍ 1മുതല്‍ 2020 ജനുവരി 10വരെ ആറ് മാസക്കാലം അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ എസ് ബാലകൃഷ്ണന്‍ വാദിച്ചു.

പ്രതിചേര്‍ക്കപ്പെട്ടയാള്‍ ഐഎസ്‌ഐഎസ് അംഗമല്ല, അംഗമാണെന്നതിന് തെളിവുകള്‍ ലഭ്യമല്ല. പോലിസ് സമര്‍പ്പിച്ചിട്ടുമില്ല. യുഎപിഎയുടെ വകുപ്പ് 18പ്രകാരം കേസെടുക്കണമെങ്കില്‍ ഭീകരപ്രവര്‍ത്തനം പ്രോല്‍സാഹിപ്പിക്കുകയോ ഉപദേശം നല്‍കുകയോ ചെയ്യണം. ഇപ്പോഴത്തെ കേസില്‍ ഇത്തരമൊരു നീക്കമേ കാണുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.

11ാം പ്രതിയും 20ാം പ്രതിയും- ഒന്ന്, രണ്ട് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വാദം.

യുഎപിഎയുടെ അനുച്ഛേദം 18എ, ഭീകരവാദ പരിശീലനത്തെക്കുറിച്ചും അനുച്ഛേദം 20 അതിനുളള ശിക്ഷയെയും കുറിച്ചാണ് പറയുന്നത്. ഇപ്പോഴത്തെ കേസില്‍ 11ാം പ്രതി ഖാനെതിരേ ഭീകരവാദപരിശീലനം നേടിയെന്നതിന് പ്രോസിക്യഷന്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. പ്രതി നിരോധിത സംഘടനയില്‍ അംഗമാണെന്നും തെളിയിക്കാനായിട്ടില്ല.

ഇവര്‍ അംഗങ്ങളായ അല്‍ഹിന്ദ് ഗ്രൂപ്പ് യുഎപിഎ 39 പ്രകാരം ഭീകരസംഘടനയായി വിലയിരുത്തി നിരോധിച്ചിട്ടില്ല. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവയ്ക്കുന്നതിനുള്ള തെളിവുകളും ഹാജരായിക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച വിചാരണക്കോടതി നടപടി ശരിയല്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

യുഎപിഎയുടെ 43ഡിയും വ്യക്തിയുടെ അവകാശങ്ങള്‍ക്കുമിടയില്‍ ഒരു ബാലന്‍സ് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഖാന്‍ ഒരു നിരോധിത സംഘടനയില്‍ അംഗമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അദ്ദേഹം അല്‍ഹിന്ദ് ഗ്രൂപ്പില്‍ അംഗമാണെന്നത് സത്യമാണ്. പക്ഷേ, ആ സംഘടന നിരോധിക്കപ്പെട്ടിട്ടില്ല. ഭീകരവാദപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല. ദൃക്‌സാക്ഷികളില്ല, സിസിടിവി ഫൂട്ടോജോ മറ്റെന്തെങ്കിലും തെളിവുകളോ ഹാജരാക്കിയിട്ടില്ല. യോഗത്തില്‍ പങ്കെടുത്തുവെന്നത് മാത്രമാണ് ഏക കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. അതുകൊണ്ടുമാത്രം ഇയാള്‍ കുറ്റക്കാരനെന്ന് പറയാനാവില്ല- ജാമ്യം നല്‍കിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News