പാവറട്ടി കസ്റ്റഡി മരണം സിബിഐയ്ക്ക്; കസ്റ്റഡി മരണങ്ങള്‍ ഇനി സിബിഐ അന്വേഷിക്കും

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിരുന്നു

Update: 2019-10-09 06:17 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളെല്ലാം ഇനി സിബിഐ അന്വേഷിക്കും. തൃശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ രഞ്ജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്താല്‍ ആ കേസുകളുടെ അന്വേഷണവും സിബിഐയ്ക്കു കൈമാറാന്‍ തീരുമാനമായി. ഹരിയാനയിലെ ഒരു കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങള്‍ക്ക് കീഴില്‍ കസ്റ്റഡി മരണങ്ങളുണ്ടായാല്‍ അത് സിബിഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയികുന്നു. കസ്റ്റഡി മരണം ക്രൈം ബ്രാഞ്ചാണോ സിബിഐയാണോ അന്വേഷിക്കേണ്ടതെന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് സുപ്രധാന തീരുമാനം. നേരത്തേ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണവും സിബിഐയ്ക്കു വിട്ടിരുന്നു. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

    ഒക്ടോബര്‍ ഒന്നിനാണ് തൃശൂരില്‍ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ടത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. രഞ്ജിത് കുമാറിന്റെ കഴുത്തിലും തലയ്ക്കു പിന്നിലും 12ഓളം ക്ഷതങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയിലെ രക്ത സ്രാവമാണ് മരണത്തിന് കാരണമായത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിരുന്നു.

    കേസില്‍ ഇതു വരെ 5 എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അനൂപ്, ജബ്ബാര്‍, സിവില്‍ ഓഫിസര്‍ നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.



Tags:    

Similar News