ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

തദ്ദേശമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തദ്ദേശമന്ത്രി എ സി മൊയ്തീന്‍ ഇന്നലെ അംഗീകരിച്ചിരുന്നു.

Update: 2019-07-06 06:27 GMT

കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കണ്‍വെന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. തദ്ദേശമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തദ്ദേശമന്ത്രി എ സി മൊയ്തീന്‍ ഇന്നലെ അംഗീകരിച്ചിരുന്നു.

ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ സാജന്‍ പാറയില്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തത്.

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.




Tags:    

Similar News